കടുവയെ കുടുക്കാൻ കാമറകൾ സ്ഥാപിച്ചു

Thursday 03 November 2022 12:19 AM IST
കടുവയുടെ സാന്നിദ്ധ്യമറിയാൻ കാമറകൾ സ്ഥാപിക്കുന്ന വനപാലകർ

ചിറ്റാർ : കട്ടച്ചിറയിൽ വളർത്തുപശുവിനെ കടിച്ചു കൊന്ന കടുവയെ കണ്ടെത്താൻ ആദ്യഘട്ടമായി കാമറകൾ സ്ഥാപിച്ചു. പശുവിനെ കുഴിച്ചിട്ടതിന് സമീപം മരത്തിൽ രണ്ടു കാമറകളാണ് വനംവകുപ്പ് സ്ഥാപിച്ചത്. പശുവിനെ മറവുചെയ്ത കുഴിയ്ക്ക് സമീപം വീണ്ടും കടുവയെത്തിയിരുന്നു. പശുവിന്റെ ജഡം മണത്ത് വീണ്ടും എത്താൻ സാദ്ധ്യതയുള്ളതിനാലാണ് ഇവിടെ കാമറകൾ സ്ഥാപിച്ചത്. സ്ഥലത്ത് വനപാലകർ പകലും രാത്രിയിലുമായി പട്രോളിംഗ് നടത്തും. ഫോറസ്റ്റ് സ്റ്റേഷൻ വനപാലകരായ ഷിജു വി.നായർ, കെ.ആർ.സുരേഷ് കുമാർ, എസ്.ശ്രീകുമാർ, എം.ശ്രീലാൽ, വി.കെ.രഞ്ജിത്, വി.പി.സൗമ്യ, സുബിമോൾ ജോസഫ്, ദാസപ്പൻ, പ്രഫിൽ എന്നിവരാണ് പട്രോളിംഗ് സംഘത്തിലുള്ളത്.

കട്ടച്ചിറ ഇൗറനിൽക്കുന്നതിൽ അച്യുതനും ഭാര്യ ഉഷയും വനമേഖലയിലെ കാട്ടിത്തോട്ടിൽ ചൊവ്വാഴ്ച രാവിലെ പതിനൊന്നു മണിയോടെ പശുവിനെ കുളിപ്പിച്ചുകൊണ്ടു നിൽക്കുന്നതിനിടെയാണ് കടുവ എത്തിയത്. ചാണകം കുതിരാൻ തോട്ടിലെ വെള്ളം ദേഹത്ത് ഒഴിച്ച ശേഷം മരത്തിൽ കെട്ടിയിട്ട പശുവിനെയാണ് കടുവ കടിച്ചുകൊന്നത്. അച്യുതനും ഉഷയും ഒാടി രക്ഷപെട്ടു.

കൂട് സ്ഥാപിക്കാൻ നിയമ തടസം

കട്ടച്ചിറയിൽ കടുവ വളർത്തുപശുവിനെ കടിച്ചുകൊന്ന ഭാഗത്ത് കൂട് സ്ഥാപിക്കാൻ നിയമപരമായ തടസമുണ്ടെന്ന നിലപാടിലാണ് വനംവകുപ്പ്. പശുവിനെ കുളിപ്പിക്കാൻ കൊണ്ടുവന്ന കാട്ടിത്തോട് വനമേഖലയിലാണ്. പശു കൊല്ലപ്പെടുന്നതിന് മുൻപ് തോട്ടിലെ വെള്ളം നനച്ച് കെട്ടിയിട്ടതും വനത്തിലെ മരത്തിലാണ്. വനമേഖലയിൽ വന്യമൃഗങ്ങളെ കുടുക്കാൻ കൂടുകൾ സ്ഥാപിക്കാൻ വനനിയമം അനുവദിക്കുന്നില്ല. എന്നാൽ, ജനവാസ മേഖലയ്ക്ക് അടുത്തായതിനാൽ കൂടുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇനിയും കടുവ എത്തി ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ കൂട് സ്ഥാപിച്ച് കുടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കടുവ പശുവിനെ ആക്രമിച്ച വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കെ.യു.ജനീഷ് കുമാർ എം.എൽ.എ ഇക്കാര്യം വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. വിഷയം ഫോറസ്റ്റ് ചീഫ് കൺസർവേറ്ററുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്.

Advertisement
Advertisement