പാലിൽ നിന്ന് 41 ഉത്പന്നങ്ങൾ

Thursday 03 November 2022 12:29 AM IST

കൊട്ടാരക്കര: പശുവിൻ പാലിൽ നിന്ന് നാല്പത്തൊന്ന് വിഭവങ്ങളൊരുക്കി കുട്ടിക്കൂട്ടം. ചാണകവും ഗോമൂത്രവുമടക്കം ഉപയോഗിച്ചുള്ള മറ്റ് ഉത്പന്നങ്ങൾ വേറെയും. ക്ഷീര കർഷകർക്ക് പുത്തൻ അറിവ് പകരുന്നതായിരുന്നു മൈലോട് ടി.ഇ.എം വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളുടെ പാൽ ഉത്പന്നങ്ങൾ.

സ്കൂളിലെ ഒന്നും രണ്ടും വർഷ വിദ്യാർത്ഥികളാണ് വിവിധ വിഭവങ്ങൾ തയ്യാറാക്കിയത്. പാലും തൈരും മോരും നെയ്യും തുടങ്ങി പേടയും സർഫിയും കേക്കും റാബ്രിയും കലാഖണ്ടിയും പനീറും റാബഡിയുമുൾപ്പെടെ കേട്ടിട്ടും രുചിച്ചിട്ടുമുള്ളതും ഇല്ലാത്തതുമായ രുചി വിഭവങ്ങളാണ് ഇവർ തയ്യാറാക്കിയത്. വിദ്യാർത്ഥികളായ അഭിലാഷും നബീലും ഗണേശുമാണ് മേളയിലേക്ക് വിഭവങ്ങൾ എത്തിച്ചത്.

ചാണകപ്പൊടിയും ഗോമൂത്രവും പഞ്ചഗവ്യവുമടക്കം മറ്റ് ഇതര ഉത്പന്നങ്ങളുമുണ്ടായിരുന്നു. പശുക്കളെ വളർത്തിയാൽ ഉണ്ടാക്കാവുന്ന ബിസിനസ് സംരംഭങ്ങളെപ്പറ്റി പരിചയപ്പെടുത്തുക കൂടിയാണ് കുട്ടിസംഘം നടത്തിയത്. കാഴ്ച കാണാനെത്തുന്നവർക്ക് രുചി വിഭവങ്ങളുടെ സാമ്പിളുകൾ നൽകി. ആസ്വദിച്ച ശേഷം വിലകൊടുത്ത് പലരും വാങ്ങുകയും ചെയ്തു.

Advertisement
Advertisement