അമ്പലപ്പറമ്പി​ലെ ഗാലറി ക്ളി​ക്ഡ് ചിത്രങ്ങളെ ജനകീയമാക്കാൻ 'ആർട്ടിസ്റ്റ് അങ്കിൾ'

Friday 04 November 2022 1:27 AM IST
ആർട്ടിസ്റ്റ് അങ്കിൾ എറണാകുളം ശിവക്ഷേത്ര മൈതാനത്ത് ഒരുക്കിയ ചിത്ര പ്രദർശനം

കൊച്ചി: ആർട്ട് ഗാലറികളിൽ നിന്ന് ചിത്രങ്ങളെ കുടിയിറക്കി അമ്പലപ്പറമ്പുകളിലും തെരുവോരങ്ങളിലും പ്രദർശിപ്പിച്ച് ജനകീയമാക്കുകയാണ് 'ആർട്ടിസ്റ്റ് അങ്കിൾ" എന്ന 70കാരനായ എ.പി.പൗലോസ്. കുറഞ്ഞ വിലയിൽ എല്ലാവർക്കും ചിത്രങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ദിവസം എറണാകുളം ശിവക്ഷേത്ര മൈതാനിയിൽ നടത്തിയ ആദ്യ പ്രദർശനം വിജയിച്ചതോടെ ജനുവരി 7, 8 തീയതികളിൽ അതേ സ്ഥലത്ത് 5500 ചിത്രങ്ങളുമായി വീണ്ടും പ്രദർശനം നടത്താനും മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചിരിക്കുകയാണ് അദ്ദേഹം.

ചിത്രകാരനല്ല, ചിത്രങ്ങൾക്കാണ് പ്രാധാന്യം ലഭിക്കേണ്ടതെന്ന നിലപാടാണ് മുൻ അദ്ധ്യാപകൻ കൂടിയായ പൗലോസിന്. അതുകൊണ്ട് തന്നെ ചിത്രങ്ങളിൽ സ്വന്തം പേരെഴുതാതെ 'മൈ ഗോഡ്" എന്ന കൈയൊപ്പ് മാത്രമാണ് അദ്ദേഹം ഉപയോഗിക്കുന്നത്.

കാലടി ശ്രീമൂലനഗരം സ്വദേശിയായ എ.പി.പൗലോസ് 20-ാം വയസിലാണ് ചിത്രരചന ആരംഭിച്ചത്. അദ്ധ്യാപകനായതോടെ വര കുറഞ്ഞുവെങ്കിലും 2010ൽ വിരമിച്ച ശേഷം വീണ്ടും വരയിൽ സജീവമായി. പെൻസിൽ ഉൾപ്പെടെയുള്ള എല്ലാ മാദ്ധ്യമങ്ങളും വഴങ്ങുന്ന അദ്ദേഹം ഏഴായിരത്തിലേറെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്.

പൂഴിമണ്ണിൽ പന്തലിട്ട് മരപ്പട്ടികയിൽ തൂക്കിയാണ് ചിത്രങ്ങൾ മൂന്നു ദിവസം പ്രദർശിപ്പിച്ചത്. തുടർന്ന് ചിത്രകലാ പരിഷത് പ്രസിഡന്റും ആർട്ട് ഡീലറുമായ സിറിൾ ജേക്കബ് അടക്കമുള്ള പ്രമുഖർ പിന്തുണയുമായെത്തുകയും ചെയ്തു.‌

ചിത്രമേളകൾ സംഘടിപ്പിക്കും

റസിഡന്റ്സ് അസോസിയേഷനുകളുമായി ചേർന്ന് ചിത്രമേളകൾ സംഘടിപ്പിക്കുകയാണ് ആർട്ടിസ്റ്റ് അങ്കിളിന്റെ അടുത്ത ദൗത്യം. ഞായറാഴ്ചകളിൽ ഭവനസമുച്ചയങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനൊപ്പം കുട്ടികൾക്ക് സൗജന്യമായി ചിത്രരചനാ പരിശീലനവും നൽകും.

ചിത്രങ്ങളുടെ വില

14 X 9.5 ഇഞ്ച് 500 രൂപ

14 X 18 ഇഞ്ച് 1,000 രൂപ

3 X 2 അടി 5,000 രൂപ

''വീടുകളിലും സ്ഥാപനങ്ങളിലും ചിത്രങ്ങൾ എത്താൻ തടസമാകുന്നത് ഉയ‌ർന്ന വിലയാണ്. അതുകൊണ്ടാണ് തുച്ഛമായ വിലയ്ക്ക് ചിത്രങ്ങൾ വിൽക്കുന്നത്. ഗാലറികൾക്ക് പുറത്തേയ്ക്കിറങ്ങിയാൽ മാത്രമേ ചിത്രങ്ങൾ ജനകീയമാകുള്ളൂ"".

-ആർട്ടിസ്റ്റ് അങ്കിൾ