വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് ഉപരോധം കളക്ടറേറ്റ് സ്തംഭിച്ചു

Friday 04 November 2022 12:02 AM IST
കോ​ൺ​ഗ്ര​സ് ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​സം​ഘ​ടി​പ്പി​ച്ച​ ​ക​ള​ക്ട​റേ​റ്റ് ​ ഉ​പ​രോ​ധ​ത്തി​ൽ​ നിന്ന്

@ ജനം പൊറുതിമുട്ടുമ്പോൾ സർക്കാർ ഉറങ്ങുന്നു: വി.ഡി.സതീശൻ

കോഴിക്കോട്: വിലക്കയറ്റത്തിനും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കുമെതിരേ സംസ്ഥാനവ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉപരോധത്തിൽ കളക്ടറേറ്റ് സ്തംഭിച്ചു. രാവിലെ ഒമ്പത് മണിയോടെ സിവിൽ സ്‌റ്റേഷന്റെ ഇരു കവാടങ്ങളും നൂറു കണക്കിന് കോൺഗ്രസ് പ്രവർത്തകർ ചേർന്ന് ഉപരോധിച്ചതോടെ മതിൽ ചാടിക്കടന്ന് സ്ത്രീകൾ ഉൾപ്പടെയുള്ള ചില ജീവനക്കാർ ഓഫീസിൽ കയറി. അകത്തേക്കുള്ള പ്രവേശനം നിഷേധിച്ചതോടെ ഭൂരിപക്ഷം ജീവനക്കാർക്കും ഉപരോധ സമരം കഴിയുന്നതുവരെ പുറത്ത് നിൽക്കേണ്ടി വന്നു. പി.എസ്.സി ഓഫിസിലേക്ക് പോകാൻ എത്തിയ ഉദ്യോഗാർത്ഥികളെ പ്രവർത്തകർ ഇടപെട്ട് അകത്ത് പ്രവേശിപ്പിക്കുകയും ചെയ്തു. മൂന്നു മണിക്കൂർ പിന്നിട്ട ഉപരോധം 12 മണിയോടെയാണ് അവസാനിപ്പിച്ചത്.

ഉപരോധം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. അരിയുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റത്താൽ ജനങ്ങൾ പൊറുതിമുട്ടുമ്പോഴും സർക്കാർ ഉറങ്ങുകയാണെന്ന് സതീശൻ പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മന്ത്രിമാരുടെ യോഗം വിളിച്ച് ചർച്ച ചെയ്യാൻ പോലും മുഖ്യമന്ത്രി തയാറായില്ല. അരി വില ഇരട്ടിയോളമെത്തി. വിലനിലവാരപ്പട്ടിക എല്ലാ ദിവസവും മുഖ്യമന്ത്രിക്ക് കിട്ടും. എന്നാൽ കഴിഞ്ഞ മൂന്ന് മാസമായി പിണറായി അത് തുറന്നുനോക്കിയിട്ടില്ല. നാളികേരത്തിന്റെയും റബറിന്റെയും വിലയിടിവിലും സർക്കാർ ഇടപെടുന്നില്ല.
ഉന്നത വിദ്യാഭ്യാസ മേഖല പാടെ അവതാളത്തിലാണ്.
കേരളത്തിലെ സർവകലാശാലകളിലെ അദ്ധ്യാപക നിയമനങ്ങൾ സി.പി.എം നേതാക്കളുടെ ഭാര്യമാർക്കും മക്കൾക്കുമായി സംവരണം ചെയ്യപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തെ പൊലീസിനെ ഭരിക്കുന്നത് സി.പി.എം നേതാക്കളാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് സുരക്ഷാ ജീവനക്കാരനെ ഡി.വൈ.എഫ്.ഐക്കാർ ആക്രമിച്ച സംഭവത്തിൽ പ്രതികളെ പിടികൂടിയതിനാണ് സിറ്റി പൊലീസ് കമ്മിഷണറെ സി.പി.എം ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തിയത്. സി.പി.എം ജില്ലാസെക്രട്ടറി പിണറായി വിജയന്റെ മഹാരാജാവിന്റെ സാമന്ത രാജാവാണോ സി.പി.എം ജില്ലാ സെക്രട്ടറിയെന്ന് അദ്ദേഹം ചോദിച്ചു.
പഠിപ്പിക്കുന്ന അദ്ധ്യാപകന്റെ മുട്ടുകാൽ തല്ലിയൊടിക്കുമെന്ന ഭീഷണി ഉയർത്തുകയാണ് എസ്.എഫ്.ഐക്കാർ. പൊലിസിനെ ഭരിക്കാൻ സി.പി.എം പ്രവർത്തകർക്ക് പൂർണ അധികാരം നൽകി മുഖ്യമന്ത്രി ഉറങ്ങുകയാണ്. മയക്കുമരുന്ന് മാഫിയയ്ക്ക് കുടപിടിക്കുന്നത് സി.പി.എം പ്രദേശിക നേതൃത്വമാണ്. അവരെ നിലയ്ക്ക് നിർത്തിയാൽ തന്നെ മയക്കുമരുന്ന് വ്യാപനത്തിന് ഒരു പരിധി വരെ ശമനമുണ്ടാകും. സംസ്ഥാനം മുഴുവൻ ഗുണ്ടാ കോറിഡോർ രൂപപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കി ഉറക്കം നടിക്കുന്ന സർക്കാരിന് ഉണർത്താൻ കോൺഗ്രസ് ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുനീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി.സി.സി പ്രസിഡന്റ് കെ പ്രവീൺകുമാർ അദ്ധ്യക്ഷനായി. എം.കെ രാഘവൻ എം.പി മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.പി.എം നിയാസ്, കെ.കെ എബ്രഹാം, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ, എൻ.എസ്.യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ.എം അഭിജിത്ത്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി പുതിയോത്ത്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷെഹിൻ, സത്യൻ കടിയങ്ങാട്, ഐ.മൂസ, അച്യുതൻ പുതിയേടത്ത്, പി.എം അബ്ദുറഹിമാൻ, കെ.സി ശോഭിത, പി.കെ ഹബീബ് പ്രസംഗിച്ചു.
ബാലകൃഷ്ണ കിടാവ്, വി.എം ചന്ദ്രൻ, കെ.പി ബാബു, എ. അരവിന്ദൻ, കെ.വി സുബ്രഹ്മണ്യൻ, കെ.ടി ജെയിംസ്, ആദം മുൽസി, കെ. നാണു , സി .വി കുഞ്ഞികൃഷ്ണൻ, ഹബീബ് തമ്പി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം ധനീഷ്‌ലാൽ എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement