ആസ്ട്രേലിയയ്ക്ക് ഇന്ന് ഞാണിൻമേൽക്കളി

Thursday 03 November 2022 11:32 PM IST

ലോകകപ്പിൽ ആതിഥേയർ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടുന്നു

അഡ്‌ലെയ്ഡ് : ലോകകപ്പിന്റെ സെമിഫൈനലിലേക്ക് കടക്കാനുള്ള പ്രതീക്ഷകൾക്ക് നിറം പകരാൻ ആതിഥയേരായ ആസ്ട്രേലിയയ്ക്ക് ഇന്ന് അഫ്ഗാനിസ്ഥാനെതിരെ വെറുതേ ജയിച്ചാൽ ജയിച്ചേ പോര; മികച്ച റൺറേറ്റും സ്വന്തമാക്കണം.

ആദ്യ മത്സരത്തിൽ ന്യൂസലാൻഡിനോട് തോറ്റ ശേഷം ശ്രീലങ്കയെയും അയർലാൻഡിനെയും തോൽപ്പിച്ച ആസ്ട്രേലിയയ്ക്ക് ഇംഗ്ളണ്ടിനെതിരായ മത്സരത്തിൽ മഴ കാരണം പോയിന്റ് പങ്കുവച്ച് പിരിയേണ്ടിവന്നത് സൂപ്പർ 12 റൗണ്ടിലെ ഒന്നാം ഗ്രൂപ്പിൽ കാര്യങ്ങൾ സങ്കീർണമാക്കിയിരിക്കുകയാണ്. ഒരു മത്സരം വീതം അവശേഷിക്കേ യഥാക്രമം ന്യൂസിലാൻഡ്,ഇംഗ്ളണ്ട്,ആസ്ട്രേലിയ എന്നിവർ ഗ്രൂപ്പിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുണ്ട്. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ന്യൂസിലാൻഡ് അയർലാൻഡിനെ തോൽപ്പിച്ചാൽ ആസ്ട്രേലിയയ്ക്ക് കൂടുതൽ ബുദ്ധിമുട്ടാകും. ഇന്ന് ആസ്ട്രേലിയ ജയിച്ചാലും നാളെ നടക്കുന്ന ഇംഗ്ളണ്ടും ശ്രീലങ്കയും തമ്മിലുള്ള മത്സരം നിർണായകമാകും.ഇതിൽ ലങ്ക ജയിച്ചാലേ ആസ്ട്രേലിയയ്ക്ക് ഗുണകരമാവുകയുള്ളൂ. റൺറേറ്റിൽ ഇപ്പോഴുള്ള മുൻതൂക്കം നിലനിറുത്തി ഇംഗ്ളണ്ട് ജയിച്ചാൽ ആസ്ട്രേലിയയ്ക്ക് പുറത്തുപോകേണ്ടിവരും.

മത്സരം സുപ്രധാനമായതിനാൽ പരിക്കിന്റെ ഭീഷണിയുള്ള നായകൻ ആരോൺ ഫിഞ്ചിനെ ആസ്ട്രേലിയ ഇന്ന് കളിപ്പിച്ചേക്കുമെന്നാണ് സൂചന.അഫ്ഗാൻ ഒരു കളിയെങ്കിലും ജയിച്ച് മടങ്ങാനുള്ള ലക്ഷ്യത്തിലാണ്.

ഇന്നത്തെ മത്സരങ്ങൾ

ന്യൂസിലാൻഡ് Vs അയർലാൻഡ്

രാവിലെ 9.30 മുതൽ

ആസ്ട്രേലിയ Vs അഫ്ഗാനിസ്ഥാൻ

ഉച്ചയ്ക്ക് 1.30 മുതൽ

സ്റ്റാർ സ്പോർട്സിൽ ലൈവ്

Advertisement
Advertisement