ഒറ്റമുറി ഷെഡിൽ വഴിമുട്ടി ജീവിതം നിരങ്ങി നീങ്ങുന്ന മക്കളുമായി ഒരമ്മ

Friday 04 November 2022 1:16 AM IST
ടാർപ്പ വലിച്ചു കെട്ടിയ കുടിലിൽ കഴിയുന്ന ഷൈലജയും മക്കളും

പടിഞ്ഞാറേ കല്ലട : പ്രാഥമികാവശ്യങ്ങൾ പോലും സ്വയം ചെയ്യാൻ കഴിയാത്ത മുതിർന്ന മക്കളുമായി ടാർപ്പ വലിച്ചുകെട്ടി അടച്ചുറപ്പില്ലാത്ത ഒറ്റമുറി ഷെഡിൽ ഇഴജന്തുക്കളെ ഭയന്ന് വെയിലും തണുപ്പുമേറ്റ് കഴിയുന്ന ഒരമ്മയുടെ ജീവിതം ആരുടേയും കരളലിയിപ്പിക്കും. പടിഞ്ഞാറേ കല്ലട ഐത്തോട്ടുവ വാർഡിൽ ഒറ്റത്തയ്യിൽ വീട്ടിൽ ഷൈലജയുടെയും വികലാംഗരായ മക്കളുടെയും ജീവിതം ദിവസം കഴിയുന്തോറും ദുരിതപൂർണമാകുകയാണ്.

എഴുന്നേറ്റൊന്ന് ഇരിക്കാൻ പോലും കഴിയാതെ ഇഴഞ്ഞു നീങ്ങുന്ന 34കാരി വിനജയുടെയും മുട്ടുകാലിലിഴയാൻ മാത്രം കഴിയുന്ന 29 കാരൻ ശരത്തിന്റെയും ജീവിതം മുന്നോട്ട് പോകുന്നത് അമ്മ ഷൈലജയെ ആശ്രയിച്ചാണ്. പരസഹായമില്ലാതെ പ്രാഥമികാവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്ത മക്കളെ തനിച്ചാക്കി തൊഴിലുറപ്പ് പദ്ധതിക്ക് പോലും പോകാൻ കഴിയാത്ത അവസ്ഥയിലാണ് ഈ അമ്മ.

കുട്ടികളുടെ പിതാവ് ചെറുപ്പത്തിലേ ഉപേക്ഷിച്ചു പോയി. ഇവർക്ക് ആകെയുള്ള മൂന്ന് സെന്റ് സ്ഥലത്തുണ്ടായിരുന്ന ഇടിഞ്ഞുപൊളിഞ്ഞുവീഴാറായ വീടിന് പകരമായി പുതിയത് പണിയാൻ സർക്കാർ 4 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ആദ്യ ഗഡുവായി കിട്ടിയ 40,​000 രൂപ പഴയ വീട് പൊളിച്ചു മാറ്റാനും പാറയും മണ്ണും ഇറക്കുന്നതിനും മറ്റുമായി ചെലവായതോടെ ആദ്യഘട്ട പണി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ചതുപ്പ് സ്ഥലംകൂടിയായതിനാൽ നിർമ്മാണ സാമഗ്രികൾ തലച്ചുമടായെത്തിക്കേണ്ടി വരുന്നതിനാൽ ഇരട്ടിത്തുകയാണ് കൂലിയിനത്തിൽ ചെലവായത്. ഫൗണ്ടേഷൻ കെട്ടി മണ്ണിട്ട് നിറച്ചാൽ മാത്രമേ അടുത്ത ഗഡു ലഭ്യമാകുകയുള്ളൂ. ഇവർക്ക് കിട്ടുന്ന സാമൂഹ്യ പെൻഷൻ തുകയ്ക്കൊപ്പം കടം വാങ്ങിയുമാണ് മരുന്നിനും മറ്റുമായി ചെലവാക്കുന്നത്. വീടിന്റെ മുന്നോട്ടുള്ള പണി പൂർത്തീകരിക്കാനാവാതെ ഏറെ വിഷമിക്കുകയാണ് ഈ നിർദ്ധന കുടുംബം. നരകതുല്യമായ സാഹചര്യത്തിൽ നിന്ന് കരകയറ്റാൻ സുമനസുകളുടെ സഹായം തേടുകയാണ് ഈ അമ്മയും മക്കളും. എസ്.ബി.ഐ. ശാസ്താംകോട്ട, അക്കൗണ്ട് നമ്പർ 67336571181 ഐ.എഫ്.എസ്.സി: SBIN 0070450. ഫോൺ : 9747823605.

Advertisement
Advertisement