'ചവിട്ടിയത് ഞാനല്ലല്ലോ'; കാറിൽ ചാരിനിന്ന ബാലനെ തൊഴിച്ച് തെറിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് സ്പീക്കർ എ എൻ ഷംസീർ
തിരുവനന്തപുരം: കാറിൽ ചാരിനിന്നതിന് പിഞ്ചുബാലനെ ക്രൂരമായി തൊഴിച്ച് തെറിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് സ്ഥലം എം എൽ എ കൂടിയായ സ്പീക്കർ എ എൻ ഷംസീർ. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടും കേസെടുക്കാനോ ആരോപണ വിധേയനായ ആളെ ചോദ്യംചെയ്യാനോ പൊലീസ് തയ്യാറാകാത്തതിനെക്കുറിച്ച് മാദ്ധ്യമപ്രവർത്തർ ചോദിച്ചപ്പോഴാണ് 'ചവിട്ടിയത് ഞാനല്ല, നിങ്ങളുടെ ചോദ്യം കേട്ടാൽ ഞാൻ ചെയ്തതുപോലെയാണല്ലോ തോന്നുക' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തലശേരിയിൽ തിരക്കേറിയ റോഡിൽ വച്ചാണ് കാറിൽ ചാരിനിന്ന ആറ് വയസുകാരു നേരെ യുവാവിന്റെ അതിക്രമമുണ്ടായത് . പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദാണ് (20) കുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ചത്. കുട്ടിയുടെ നടുവിന് നേരെ ഇയാൾ ചവിട്ടുകയായിരുന്നു.റോഡിൽ തെറ്റായ ദിശയിൽ വണ്ടി നിർത്തിയിട്ട ശേഷമാണ് ഇയാൾ അക്രമം നടത്തിയത്. ഒരു വിവാഹ ആവശ്യത്തിനായി കുടുംബത്തോടൊപ്പം എത്തിയ ശിഹ്‌ഷാദ് വണ്ടി നിർത്തിയ സമയം രാജസ്ഥാൻ സ്വദേശികളുടെ മകനായ ഗണേഷ് എന്ന ആറുവയസുകാരൻ കാറിൽ ചാരിനിന്നു. ഇത് ഇഷ്‌ടപ്പെടാതെയാണ് കുട്ടിയെ ചവിട്ടിയത്. കാറിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് ഇയാൾ പറയുന്നത്. ഉടൻ കണ്ടുനിന്നവരിൽ ചിലരെത്തി ശിഹ്‌ഷാദിനെ ചോദ്യംചെയ്തു. എന്നാൽ ഇവരോട് തർക്കിച്ച ശേഷം സ്ഥലംവിട്ട ഇയാൾക്കെതിരെ അപ്പോൾ പൊലീസ് നടപടിയെടുത്തില്ല എന്ന് പരാതിയുണ്ട്. മണിക്കൂറുകൾക്ക് ശേഷം ഇയാളെ വിളിച്ച് വരുത്തി കാര്യം തിരക്കുകയും കാർ കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു. സംഭവം വിവാദമായതോടെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് രാഷ്ട്രീയ സ്വാധീനം ഉള്ളതിനാലാണ് നടപടി സ്വീകരിക്കാൻ വൈകിയതെന്നാണ് ആരോപണം.
ചവിട്ടേറ്റ ബാലന് നടുവിന് ഗുരുതര പരിക്കുണ്ട്. കുട്ടിയെ ദൃക്‌സാക്ഷികളിൽ ചിലർ ആശുപത്രിയിലെത്തിച്ചു. അതേസമയം സംഭവം ശ്രദ്ധയിൽപെട്ടതായും പ്രശ്‌നത്തിൽ ഇടപെടുമെന്നും ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി മനോജ് കുമാർ പ്രതികരിച്ചു.
സംഭവത്തെക്കുറിച്ച് മന്ത്രിമാരായ വി ശിവൻകുട്ടിയും വീണാ ജോർജും പ്രതികരിച്ചിട്ടുണ്ട്. യുവാവിന്റെ പ്രവൃത്തി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പറഞ്ഞ മന്ത്രി വീണജോർജ് കുഞ്ഞിനും കുടുംബത്തിനും നിയമസഹായം ഉൾപ്പെടെയുള്ള പിന്തുണ വനിത ശിശുവികസന വകുപ്പ് നൽകുമെന്നും ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും പറഞ്ഞു.
മനുഷ്യത്വം എന്നത് കടയിൽ വാങ്ങാൻ കിട്ടുന്ന ഒന്നല്ല. കണ്ണൂരിലെ സംഭവം ഞെട്ടൽ ഉണ്ടാക്കി. കാറിൽ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടിത്തെറിപ്പിക്കുന്നത് എന്തൊരു ക്രൂരതയാണ്. നിയമപരമായ എല്ലാ നടപടിയും ഉണ്ടാകും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുത് എന്നായിരുന്നു വി ശിവൻകുട്ടി പ്രതികരിച്ചത്.