മത്സ്യക്കൃഷി: നോർവേയും കേരളവും കൈകോർക്കും

Saturday 05 November 2022 3:36 AM IST

കൊച്ചി: കേരളത്തിലെ മത്സ്യബന്ധന, മത്സ്യക്കൃഷി സംബന്ധ 14 വിഷയങ്ങളിൽ സംസ്ഥാന സർക്കാരും നോർവേയും സഹകരിക്കും. നോർവേയിൽ നിന്നുള്ള നിനോ നോർഡ് യൂണിവേഴ്‌സിറ്റിയും നാൻസൺ റിസർച്ച് സെന്ററും ഫിഷറീസ് വകുപ്പും അനുബന്ധ സ്ഥാപനങ്ങളും കേരള ഫിഷറീസ് യൂണിവേഴ്‌സിറ്റിയുമായി (കുഫോസ്) ചേർന്നാണിത്.

ഇതോടനുബന്ധിച്ച ശില്പശാലയിൽ മന്ത്രി വി.അബ്ദുറഹിമാന്റെ സാന്നിദ്ധ്യത്തിൽ ആക്‌ഷൻ പ്ലാൻ കൈമാറി. ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്.ശ്രീനിവാസ് സന്നിഹിതനായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഫിഷറീസ് മന്ത്രിയും നടത്തിയ നോർവേ സന്ദർശനത്തിലെ തീരുമാനപ്രകാരമാണ് സഹകരണം. സഹകരണം കേരളത്തിലെ മത്സ്യമേഖലയിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് മന്ത്രി അബ്ദുറഹിമാൻ പറഞ്ഞു.
സമുദ്ര കൂടുമത്സ്യകൃഷി, ഫിൻഫിഷ് ഹാച്ചറി, ആഴക്കടൽ മത്സ്യബന്ധനം, മത്സ്യകൃഷി വ്യാപനം, ഗവേഷണമേഖലയുടെ സഹകരണം, വേമ്പനാട്ടുകായൽ മലിനീകരണപഠനം, കാലാവസ്ഥാ വ്യതിയാനപഠനം തുടങ്ങിയ വിഷയങ്ങളിലാണ് സഹകരിക്കുക.
സമുദ്ര കൂടുമത്സ്യകൃഷിക്കായി കേരളതീരത്തെ അനുയോജ്യമായ മേഖലകളിൽ കൂടുകൾ സ്ഥാപിക്കും. നോർവെ മാതൃകയിൽ ആഴക്കടൽ മത്സ്യബന്ധനത്തിന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വിദഗ്ദ്ധപരിശീലനം നൽകും.

മത്സ്യഫെഡ്, ഫിഷറീസ് വകുപ്പ്, മത്സ്യത്തൊഴിലാളി സംഘടനകൾ, കൊച്ചി കപ്പൽശാല എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി. സഹകരണമേഖലയിൽ ആഴക്കടൽ മത്സ്യബന്ധനം നടപ്പാക്കാനുള്ള പുതിയനയം രൂപീകരിക്കും. നോർവേ കമ്പനികളുമായി ചേർന്ന് കേരള ഫിഷറീസ് സർവകലാശാല ഉന്നത ഗുണനിലവാരമുള്ള മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കും.
മത്സ്യമേഖലയെയും അനുബന്ധമേഖലകളെയും ഒരുകുടക്കീഴിലാക്കി കടൽവിഭവ സംസ്‌കരണത്തിന് പ്രത്യേക ക്ലസ്റ്റർ രൂപീകരിക്കും. മൂല്യവർദ്ധിത ഉത്പന്നങ്ങൾക്കായി മത്സ്യകർഷകർക്ക് പിന്തുണയും നൽകും.

Advertisement
Advertisement