കാറിൽ ചാരിനിന്നതിന് ബാലനെ ചവിട്ടിത്തെറിപ്പിച്ച് മനുഷ്യ മൃഗം

Saturday 05 November 2022 4:09 AM IST

■ യുവാവ് റിമാൻഡിൽ,​ വധശ്രമത്തിന് കേസ്

■ ക്രൂരതയ്ക്ക് ഇരയായത് നാടോടി ബാലൻ

തലശ്ശേരി: റോഡരികിൽ നിറുത്തിയിട്ട കാറിൽ ചാരി നിന്ന ആറു വയസുകാരനായ നാടോടി ബാലനെ ചവിട്ടിത്തെറിപ്പിച്ച് കൊടുംക്രൂരത കാട്ടിയ യുവാവ് റിമാൻഡിൽ. കാറുടമ പൊന്ന്യംപാലം മൻസാർ ഹൗസിൽ മുഹമ്മദ് ശിഹ്ഷാദിനെയാണ് (20)​തലശ്ശേരി ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. നടുവിന് പരിക്കേറ്റ കുട്ടി തലശ്ശേരി ജനറൽ ആശുപത്രിയിലാണ്.

വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ തലശ്ശേരി മണവാട്ടി ജംഗ്ഷനടുത്താണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം. കൊടുംവളവിൽ നോ പാർക്കിംഗ് ഏരിയയിൽ നിറുത്തിയിട്ട കാറിലാണ് കുട്ടി ചാരി നിന്നത്. ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഇറങ്ങി വന്ന ശിഹ്ഷാദ് കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. കുട്ടി പകച്ചു നിൽക്കുന്നതിന്റെ ഹൃദയഭേദകമായ കാഴ്ച സമീപത്തെ പാരലൽ കോളേജിലെ സി.സി ടി.വി ദൃശ്യങ്ങളിലൂടെ ഇന്നലെ രാവിലെയാണ് വ്യാപകമായി പ്രചരിച്ചത്. സംഭവം കണ്ട് ഒരു സംഘമാളുകൾ യുവാവിനെ ചോദ്യം ചെയ്യുന്നതും ദൃശ്യത്തിലുണ്ട്. കാറിലുണ്ടായിരുന്നവരെ കുട്ടി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നായിരുന്നു അക്രമത്തെ ചോദ്യം ചെയ്തവരോട്യുവാവിന്റെ ന്യായീകരണം. ദൃശ്യം പുറത്തു വന്നതോടെ ഇത് കളവാണെന്ന് തെളിഞ്ഞു. കണ്ണൂർ യൂണിവേഴ്‌സിറ്റി യൂണിയൻ മുൻ ചെയർമാൻ അഡ്വ എം.കെ. ഹസ്സനാണ്‌ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്‌.

അക്രമിയെ ആദ്യം വിട്ടയച്ച് പൊലീസ്

അക്രമ വിവരം ലഭിച്ചതിനെ തുടർന്ന് കാർ കസ്റ്റഡിയിലെടുത്ത പൊലീസ്, രാത്രി സ്റ്റേഷനിലെത്തിയ യുവാവിനെ വിട്ടയച്ച അനാസ്ഥ കാട്ടി. സംഭവം വിവാദമായതോടെ ഉന്നത ഇടപെടലുകളെ തുടർന്നാണ് ഇന്നലെ രാവിലെ പൊലീസ് ഉണർന്ന് പ്രവർത്തിച്ചത്. ഐ.പി.സി 323, 308, 283 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ദേശീയ ബാലാവകാശ കമ്മിഷൻ കണ്ണൂർ ജില്ലാ കളക്ടറോടും പൊലീസ് കമ്മിഷണറോടും വിശദീകരണം തേടിയിട്ടുണ്ട്. സംസ്ഥാന ബാലാവകാശ കമ്മിഷനും സംഭവത്തിലിടപെട്ടു.

തലശ്ശേരി നഗരത്തിൽ ബലൂൺ വിൽക്കുന്ന രാജസ്ഥാൻ സ്വദേശികളായ നിട്ടുറാം- മാത്ര ദമ്പതികളുടെ മകനാണ് അക്രമത്തിനിരയായ ബാലൻ. അക്രമം നടക്കുന്നതിന് സമീപം കുട്ടിയുടെ രക്ഷിതാക്കളുമുണ്ടായിരുന്നു. കുട്ടിക്ക് ചികിത്സ ഉറപ്പാക്കാൻ ഇന്നലെ മന്ത്രി വീണ ജോർജിന്റേതുൾപ്പെടെ ഇടപെടലുണ്ടായി.

വീഴ്ചയില്ലെന്ന്

എ.എസ്.പി

കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് തലശ്ശേരി എ.എസ്.പി നിധിൻരാജ് പറഞ്ഞു. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ പൊലീസ് സംഭവസ്ഥലത്ത് എത്തിയിരുന്നു. പിന്നീട് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനത്തിന്റെ നമ്പർ കണ്ടെത്തുകയും വാഹന ഉടമയെ തിരിച്ചറിയുകയും ചെയ്തു. രാത്രി തന്നെ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്ത് രാത്രി വിട്ടയച്ച പ്രതിയെ ഇന്നലെ രാവിലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നീതി ലഭിച്ചത് അഭിഭാഷകന്റെ ഇടപെടലിൽ

ആറു വയസുകാരനെതിരെയുണ്ടായ അതിക്രമത്തിൽ നിർണായക ഇടപെടൽ നടത്തിയത് തലശേരി ബാറിലെ യുവ അഭിഭാഷകൻ എം.കെ. ഹസൻ. രാത്രി എട്ടരയോടെ മരുന്ന് വാങ്ങിക്കാൻ പുതിയ ബസ് സ്റ്റാൻഡിലെ മെഡിക്കൽ ഷോപ്പിലെത്തിയപ്പോഴാണ്, ചവിട്ടേറ്റ് പേടിച്ചരണ്ടു നിൽക്കുന്ന കുട്ടിയേയും കണ്ണീരൊഴുക്കുന്ന മാതാപിതാക്കളെയും അദ്ദേഹം കണ്ടത്. കാര്യം തിരക്കിയപ്പോഴാണ് നടന്ന സംഭവം അവർ വിവരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിക്കാമെന്ന് പറഞ്ഞപ്പോൾ മാതാപിതാക്കൾ ആദ്യം തയ്യാറായിരുന്നില്ല. താൻ വക്കീലാണെന്നും സഹായിക്കാമെന്നും മാതാപിതാക്കളെ ബോദ്ധ്യപ്പെടുത്തിയശേഷമാണ്, ഗവ: ആശുപത്രിയിൽലേക്ക് ഹസൻ കുട്ടിയുമായി എത്തിയത്. അവിടെ നിന്ന് സഹകരണ ആശുപത്രിയിലെത്തിച്ച് സ്‌കാനിംഗും നടത്തി. ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് വേണ്ട ചികിത്സകൾ ഉറപ്പ് വരുത്തി ഇന്നലെ പുലർച്ചെയോടെയാണ് വക്കീൽ ആശുപത്രി വിട്ടത്. ഹസ്സൻ സി.പി.എം തലശ്ശേരി ലോക്കൽ കമ്മിറ്റി അംഗവും ,ഡി.വൈ.എഫ്.ഐ ബ്ളോക്ക് കമ്മിറ്റിയംഗവും കണ്ണൂർ സർവ്വകലാശാല യൂണിയൻ മുൻ ചെയർമാനുമാണ്.

Advertisement
Advertisement