കാർ ടിപ്പർ ലോറിയിൽ ഇടിച്ച് വീട്ടമ്മ മരിച്ചു

Saturday 05 November 2022 4:08 AM IST

ഭർത്താവും മക്കളും ഉൾപ്പടെ നാലുപേർക്ക് പരിക്ക്

റാന്നി: മകളുടെ ഭർതൃവീട്ടിലേക്ക് കുടുംബസമേതമുള്ള യാത്രയ്‌ക്കിടെ നിയന്ത്രണം വിട്ട കാർ ടിപ്പർ ലോറിയിൽ ഇടിച്ച് വീട്ടമ്മ മരിച്ചു. കോഴിക്കോട് മയനാട് പുള്ളോലിക്കൽ മിനി ജയിംസ് (48) ആണ് മരിച്ചത്. ഭർത്താവ് ജയിംസ് തോമസ്, മക്കളായ ടിജു തോമസ്, തോമസ് ജയിംസ്, ടിപ്പർ ഡ്രൈവർ കൊട്ടാരക്കര റോസ് നിവാസിൽ മോഹനചന്ദ്രൻ (49) എന്നിവർക്ക് പരിക്കേറ്റു. ഇന്നലെ വെളുപ്പിന് നാലരയോടെ പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ റാന്നി മിനി സിവിൽ സ്റ്റേഷന് മുമ്പിലായിരുന്നു അപകടം. കോഴിക്കോടു നിന്നും റാന്നി വടശേരിക്കര ഇടക്കുളം പള്ളിക്കരുപ്പുള്ള മകൾ ട്രീസയുടെ ഭർതൃവീട്ടിലേക്ക് പോകുകയായിരുന്നു ഇവർ. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. മുൻസീറ്റിലായിരുന്നു മരിച്ച മിനി.

വലിയ ശബ്‌ദം കേട്ട് ഓടിയെത്തിയ സിവിൽ സ്റ്റേഷന് സമീപമുള്ള റാന്നി ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് ഇവരെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മിനി മരിച്ചു. ജയിംസിനെയും മക്കളെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാറിന്റെ വാതിലുകൾ കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ് മുൻസീറ്റിലുള്ളവരെ പുറത്തെടുത്തത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.

Advertisement
Advertisement