പരമ്പര പോക്സോ പൂട്ടും ആത്മഹത്യ ഭീഷണിയും

Saturday 05 November 2022 12:00 AM IST
പരമ്പര

ലഹരി ഉപയോഗം പിടികൂടിയാൽ പോക്സോ കേസിൽ പെടുത്തുക, പുറത്തറിയിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുക... ലഹരി ഹരമാക്കിയ കുട്ടി വില്ലൻമാരുടെ രക്ഷപ്പെടൽ തന്ത്രങ്ങൾ മാനം കളയുമെന്നായതോടെ കുഴപ്പക്കാരെ കണ്ടെത്തിയാലും നിശബ്ദരാവുകയാണ് അദ്ധ്യാപകർ. കുട്ടികളിലെ ലഹരി ഉപയോഗം കണ്ടെത്തുക അത്ര എളുപ്പമല്ലെന്നാണ് അദ്ധ്യാപകർ സാക്ഷ്യപ്പെടുത്തുന്നത്. കോഡിലും ആംഗ്യങ്ങളിലും പൊതിഞ്ഞാണ് ലഹരി കടത്തും കൈമാറ്റവും.

നഗരത്തിലെ ഒരു പ്രധാന കോളേജിൽ പഠിക്കുന്ന നീതുവിനെ (യഥാർത്ഥ പേരല്ല) ലഹരിക്കെണിയിൽ വീഴ്ത്തിയത് കൂട്ടുകാരാണ്. ലഹരി കൈമാറ്റം വരുമാന മാർഗമാക്കിയ ചങ്ങാതിക്കൂട്ടം നീതുവിനെയും കണ്ണിചേർത്തു. ആദ്യ ഉപയോഗത്തിൽ തന്നെ ഹരം തോന്നിയതോടെ പിന്നീട് ശീലമാക്കി. പല കാരണങ്ങൾ പറഞ്ഞ് അവധി എടുത്തുകൊണ്ടിരുന്ന അവൾ എല്ലാ ദിവസവും കോളേജിലെത്തുന്ന 'നല്ലകുട്ടി'യായെങ്കിലും ക്ലാസിൽ കയറാതെ കറക്കമായിരുന്നു. മരച്ചുവടും ബാത്ത് റൂമുമായിരുന്നു എം.ഡി.എം.എ ഉപയോഗിക്കാൻ തെരഞ്ഞെടുത്തത്. ക്ളാസിൽ കയറുന്ന ദിവസങ്ങളിൽ പകുതിയ്ക്കുവച്ച് ബാത്ത് റൂമിലേക്കെന്ന് പറഞ്ഞ് പോകും. ഉപയോഗം കണ്ടെത്താതിരിക്കാൻ കൂട്ടുകാരുടെ ഉപദേശത്തിൽ പല തന്ത്രങ്ങളും പയറ്റി. ബാഗിലും വസ്ത്രങ്ങളിലും ലഹരി ഒളിപ്പിച്ചു. ഒരു അവധി ദിനം രാവിലെ ബാഗുമെടുത്ത് കോളേജിലേക്കിറങ്ങിയ നീതുവിന്റെ പെരുമാറ്രം രക്ഷിതാക്കളിലുണ്ടാക്കിയ സംശയമാണ് കള്ളക്കളി പൊളിച്ചത്. കോളേജിലെ അദ്ധ്യാപകർ നടത്തിയ നിരീക്ഷണത്തിൽ സുഹൃത്തുക്കൾ തോളിൽ കെെയിട്ട് നടക്കുന്നതിൽ വരെ ലഹരി കെെമാറ്റം നടക്കുന്നുണ്ടെന്ന് തെളിഞ്ഞു. തോളിൽ കൈയിട്ട് മറ്റൊരാളുടെ മുഖത്ത് തൊടുംപോലെ ലഹരി മരുന്ന് മണപ്പിക്കുകയാണ്.

ക്ളാസ് മുറിയിൽ കിറുങ്ങി ഇരിക്കുന്ന വിദ്യാർത്ഥിയെ ചോദ്യം ചെയ്തപ്പോൾ അദ്ധ്യാപികയ്ക്കു നേരെ അലറിയടുത്ത സംഭവം വരെ ഉണ്ടായതായി അദ്ധ്യാപകർ പറയുന്നു.

@ ലഹരിയുടെ പുതുവഴികളാവുന്ന ബോധവത്കരണം

ബോധവത്കരണ ക്ലാസുകൾ ലാഘവത്തോടെയാണ് കുട്ടികൾ കാണുന്നതെന്ന് അദ്ധ്യാപകർ പറയുന്നു. ഓരോ തവണ എക്സെെസും അദ്ധ്യാപകരും ക്ളാസുകൾ നടത്തുമ്പോൾ ലഹരിയുടെ വഴികളെ കുറിച്ച് കൂടുതൽ അറിവുകളാണ് അവർക്ക് കിട്ടുന്നത്. ലഹരിക്കെതിരെ പ്രതിജ്ഞയെടുത്ത കുട്ടികൾ പിന്നീട് ലഹരി ഉപയോഗത്തിന് പിടികൂടിയ അനുഭവങ്ങളുണ്ട്.

@ പണക്കാരനാകാമെന്ന മോഹ വലയം

എളുപ്പം പണക്കാരനാകാം അല്ലെങ്കിൽ പണക്കാരി എന്ന ടാഗ് ലെെനിലാണ് യുവതീ യുവാക്കളെ ലഹരിക്കടത്തിലേക്ക് വീഴ്ത്തുന്നത്. ആഢംബര ജീവിതം മോഹിക്കുന്നവരെ നോട്ടമിടുന്ന ലഹരി മാഫിയ ക്രമേണ അവരെ കെണിയിലാക്കും. സ്ത്രീകളെ മറയാക്കിയുള്ള ലഹരിക്കടത്താണ് പുതിയ ട്രൻഡ്. പിടിക്കപ്പെട്ടാലും പരിശോധനയിൽ വനിതാ പൊലീസ് ഉണ്ടാകാത്തത് അനുഗ്രഹമായി മാറുകയാണ്. 'കുടുംബ'മായി യാത്ര ചെയ്യുന്നതാണ് മറ്റൊരു തന്ത്രം. സ്വർണക്കടത്തുകാർ വരെ ഇപ്പോൾ ലഹരി കടത്തിൽ മുന്നിലാണ്.

'' സ്കൂളുകൾ ലഹരിയുടെ പിടിയിൽ അമർന്ന് പോവുകയാണ്. സ്കൂളുകളല്ല ലഹരിയുടെ ഉത്ഭവ കേന്ദ്രം. അതിന്റെ വ്യാപ്തി പുറത്താണ്. ലഹരി മാഫിയകൾ കുട്ടികളെ ഇരകളാക്കി മാറ്റുകയാണ്. പെട്ടിക്കട നടത്തുന്നവർ മുതൽ വൻകിട ബിസിനസുകാർ വരെ ഇതിന് പിന്നിലുണ്ട്. ആഘോഷങ്ങളിൽ ലഹരി ഒഴുകുകയാണ്. സ്കളുകളിലെ ബോധവത്കരണം കൊണ്ടുമാത്രം ലഹരി നിർമ്മാർജനം സാദ്ധ്യമല്ല. സ്കൂളിന് പുറത്തെ ലഹരി ഒഴുക്ക് തടയണം.''ബീന പൂവത്തിൽ, പ്രിൻസിപ്പൽ, ജി.എച്ച്.എസ്.എസ് ആഴ്ചവട്ടം.

Advertisement
Advertisement