മുഖ്യമന്ത്രി വിദേശത്ത് പോയത് ചുമതല കൈമാറാതെ

Saturday 05 November 2022 12:06 AM IST

തിരുവനന്തപുരം: മുഖ്യമന്ത്റി പിണറായി വിജയൻ രണ്ടു വട്ടം വിദേശത്ത് പോയപ്പോഴും ഭരണത്തലവനായ തന്നെ അറിയിച്ചില്ലെന്നും ചുമതല കൈമാറാത്തതിനാൽ ഭരണ പ്രതിസന്ധിയുണ്ടായെന്നും കേന്ദ്രത്തെ അറിയിച്ച് ഗവർണർ. അടിയന്തര സാഹചര്യത്തിൽ വിദേശത്തുള്ള മുഖ്യമന്ത്റിയെ ബന്ധപ്പെടാൻ ഗവർണർക്കു പോലും സാധിക്കാത്ത സാഹചര്യമുണ്ടായതായും രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കഴിഞ്ഞ 15ന് നൽകിയ കത്തിലുണ്ട്. ഉപരാഷ്ട്രപതി, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നിവർക്കും കത്തിന്റെ പകർപ്പ് നൽകി. ഗവർണറുടെ കത്ത് പരിഗണിച്ച് സംസ്ഥാനത്തോട് കേന്ദ്രം വിശദീകരണം തേടിയതായി വിവരമില്ല.

എൻഡോസൾഫാൻ ഇരകൾക്കായി ദയാബായി നടത്തിയ നിരാഹാര സമരവുമായി ബന്ധപ്പെട്ടാണ് ഗവർണർ കത്തയച്ചത്. മുഖ്യമന്ത്റിമാർ വിദേശത്തു പോകുന്നതിനു മുമ്പ് ഗവർണറെ അറിയിക്കണമെന്ന കീഴ്‌വഴക്കം പിണറായി പാലിക്കുന്നില്ല. ദയാബായിയുടെ ജീവൻ രക്ഷിക്കാൻ ഇടപെടണമെന്ന നിവേദനം കിട്ടിയപ്പോൾ മുഖ്യമന്ത്റിയും മന്ത്റിമാരും ഉദ്യോഗസ്ഥരും വിദേശത്തായിരുന്നു. 82വയസുള്ള ദയാബായിയുടെ കാര്യം ഉന്നയിക്കാൻ മുഖ്യമന്ത്റിയുമായി എങ്ങനെ ബന്ധപ്പെടണമെന്ന് തനിക്കറിയില്ലായിരുന്നു. ഈ സാഹചര്യത്തെ ഗൗരവത്തോടെ കാണണമെന്നും ഗവർണർ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Advertisement
Advertisement