ഭരണഭാഷ പൂർണമായും മലയാളമായില്ല; സെക്രട്ടേറിയറ്റിൽ 30%ഫയലുകൾ ഇംഗ്ളീഷിൽ

Saturday 05 November 2022 12:23 AM IST

തിരുവനന്തപുരം: മലയാളം ഭരണഭാഷയാക്കി ആറ് വർഷം പിന്നിടുമ്പോഴും ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ ഇപ്പോഴും 30 ശതമാനം ഫയലുകളുടെയും കൈകാര്യം ഇംഗ്ളീഷിൽ. മറ്റ് ഓഫീസുകളിൽ 99 ശതമാനം ഫയലുകളും മലയാളത്തിൽ കൈകാര്യം ചെയ്യുമ്പോഴാണിത്. സെക്രട്ടേറിയറ്റിലെ ലാ​,​ ധനകാര്യ,​ ആഭ്യന്തര വകുപ്പുകളിൽ 40 ശതമാനം ഫയലുകൾ ഇംഗ്ളീഷിലാണ്. മലയാള ഭാഷാദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ അവലോകനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഭരണഭാഷ പൂർണമായും മലയാളമാക്കുന്നത് ചർച്ച ചെയ്യാൻ ഡിസംബറിൽ മുഖ്യമന്ത്രി അവലോകനയോഗം വിളിച്ചിട്ടുണ്ട്.

സെക്രട്ടേറിയറ്റിൽ മലയാളത്തിലാണ് ഫയലുകൾ എത്തുന്നതെങ്കിൽ മലയാളത്തിലും, ഇംഗ്ളീഷിലാണെങ്കിൽ ഇംഗ്ളീഷിലും കുറിപ്പ് എഴുതുന്നതാണ് രീതി. ഇംഗ്ളീഷിലെത്തുന്ന ഫയലിലെ വിവരങ്ങൾ ഇ - ഓഫീസ് സോഫ്‌റ്റ്‌വെയറിൽ നിന്ന് അതേപടി പകർത്താമെന്നതിനാൽ മലയാളത്തിൽ പരിഭാഷപ്പെടുത്താറില്ല. വകുപ്പു മേധാവിമാരിൽ പലരും അന്യസംസ്ഥാനക്കാരായതിനാൽ മലയാളത്തിലെ കുറിപ്പുകൾ ഇംഗ്ളീഷിലാക്കി നൽകണമെന്ന് സെക്രട്ടറിമാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് ജീവനക്കാർക്ക് ബുദ്ധിമുട്ടും സമയനഷ്ടവും ഉണ്ടാക്കുന്നു.

 മലയാളം പരിഭാഷ ഇല്ല

ഇംഗ്ളീഷിലുള്ള ഉത്തരവുകളുടെ മലയാളം പരിഭാഷ കൂടി തയ്യാറാക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നത് പ്രാവർത്തികമായിട്ടില്ല.

 കോടതിയിലും തഥൈവ

സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന മുൻസിഫ് മുതൽ ജില്ലാ കോടതി വരെയും ഭരണഭാഷ മലയാളം ആയിട്ടില്ല. പ്രധാനപ്പെട്ട ഉത്തരവുകളും വിജ്ഞാപനങ്ങളും മലയാളത്തിൽ തർജ്ജമ ചെയ്ത് സൗജന്യമായി അച്ചടിച്ച് വിതരണം ചെയ്യണമെന്ന് കീഴ്ക്കോടതികളിലെ ഔദ്യോഗിക ഭാഷ മലയാളമാക്കുന്നത് സംബന്ധിച്ച് 2014ൽ പഠിച്ച ജസ്റ്റിസ് നരേന്ദ്രൻ കമ്മിറ്റി നിർദ്ദേശിച്ചിരുന്നു. ഹൈക്കോടതി വിധികളും സുപ്രീംകോടതി കുറിപ്പുകളും ഉൾപ്പെടുത്തി നിയമ ജേർണലൽ പ്രസിദ്ധീകരിക്കണമെന്ന കമ്മിറ്റി ശുപാർശയും നടപ്പായില്ല.

സർക്കാർ ഫയലുകളിലെ ഇംഗ്ളീഷ് എഴുത്ത് ജനങ്ങളുടെ അവകാശം നിഷേധിക്കലാണ്. മലയാളത്തിൽ ഫയൽ കൈകാര്യം ചെയ്യാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം - മുഖ്യമന്ത്രി

Advertisement
Advertisement