റവന്യു ജില്ലാ ശാസ്ത്ര- ഗണിതശാസ്ത്ര -സാമൂഹ്യശാസ്ത്ര -പ്രവൃത്തിപരിചയ മേള: അറിവിന്റെ നിറവിൽ

Friday 04 November 2022 11:31 PM IST

പത്തനംതിട്ട : റവന്യു ജില്ലാ ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ മേളയിൽ നിറഞ്ഞത് വിദ്യാർത്ഥികളുടെ വേറിട്ട പ്രതിഭ. പഠനത്തിലൂടെ ആർജിച്ച അറിവുകൾ സമൂഹത്തിന് പ്രയോജനപ്പെടുംവിധം വളർത്തിയെടുക്കുന്ന രീതിയിലാണ് ഒട്ടുമിക്ക വിദ്യാർത്ഥികളും അവതരിപ്പിച്ചത്. ഊർജസ്രോതസുകൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നും ഊർജ സംരക്ഷണം എങ്ങനെ ഫലപ്രദമായി നടപ്പാക്കാമെന്നും കാട്ടിത്തരുന്നതായിരുന്നു പല അവതരണങ്ങളും. ഭാവിയിലെ നഗരവത്കരണം എങ്ങനെ ഫലപ്രദമായി നടപ്പാക്കാമെന്ന ആശയവും വിദ്യാർത്ഥികൾ മുന്നോട്ടുവച്ചു. സോളാർ എനർജിയിൽ നിന്ന് പ്രവർത്തിക്കുന്ന തെരുവു വിളക്കുകളുടെ ചെറിയ പതിപ്പുകൾ ശ്രദ്ധേയമായിരുന്നു.. സൗരസ്ഥിത ഉപഗ്രഹങ്ങളുടെയും ഉപഗ്രഹ വിദൂര സംവേദനത്തിന്റെയും അവതരണങ്ങൾ വേറിട്ടതായി. നഗര വത്കരണത്തിലെ പോരായ്മകൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളും അവതരിപ്പിച്ചു. ശിലായുഗത്തെയും മഹാശിലാ കാലഘട്ടത്തെയും അവതരിപ്പിച്ച് അക്കാലത്തെ കണ്ടെത്തലുകളെക്കുറിച്ചും തൊപ്പികല്ല്, കൽവളയം, മുനയറ, നാട്ടുകല്ല്, കൽത്തൊട്ടി, കല്ലറകൾ എന്നിവയെക്കുറിച്ചും വിശദീകരിച്ചു.

ഉപഗ്രഹങ്ങളെ അറിയാൻ (പടം)

പത്തനംതിട്ട : പ്രകൃതി വിഭവങ്ങൾ, ഭൂവിനിയോഗം , ഭൂഗർഭജലം, മുതലായവയെക്കുറിച്ചുള്ള വിവരശേഖരണത്തിന് കൃത്രിമ ഉപഗ്രഹങ്ങൾ എങ്ങനെ സഹായിക്കുന്നു എന്ന് വിവരിക്കുന്നതായിരുന്നു ഇടപ്പരിയാരം എസ്‌.എൻ.ഡി.പി.എച്ച്.എസിലെ പത്താം ക്‌ളാസ് വിദ്യാർത്ഥികളായ റിഥി, അഞ്ജലി എന്നിവർ ചേർന്ന് അവതരിപ്പിച്ച മാതൃക. കൃത്രിമ ഉപഗ്രഹങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള സെൻസറുകൾ വഴി വിവര ശേഖരണം നടത്തുന്ന പ്രക്രിയകൾ എങ്ങനെയാണെന്നും ഭൂമിയുടെ ഭ്രമണത്തിനൊപ്പം ഈ ഉപഗ്രഹങ്ങൾ എങ്ങനെ സഞ്ചരിക്കുന്നു എന്നും വിദൂര സംവേദനത്തിന് ഇത്തരം ഉപഗ്രഹങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നും വിദ്യാർത്ഥികൾ വിവരിച്ചു.

മാറ്റങ്ങളെക്കുറിച്ചുള്ള മാതൃക

പത്തനംതിട്ട : ആഗോളവത്കരണത്തിന്റെ ഭാഗമായി ലോകത്തുണ്ടാകുന്ന മാറ്റങ്ങൾ വിവരിക്കുന്നതായിരുന്നു കൊടുമൺ അങ്ങാടിക്കൽ എസ്‌ എൻ വി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച മാതൃക. കാർഷികവൃത്തിയിലും വാണിജ്യവൃത്തിയിലും ഊന്നിയിരുന്ന ഒരു സാമ്പത്തികവ്യവസ്ഥയിൽ നിന്ന് ഉത്പാദനമേഖലയിലും സേവനമേഖലയിലും ഊന്നിയ സാമ്പത്തികവ്യവസ്ഥയിലേക്കുള്ള മാറ്റമാണ് രാജ്യത്തിന്റെ സാമ്പത്തിക ചരിത്രമെന്ന് വിദ്യാർത്ഥികൾ നിർമ്മിച്ച മാതൃക ചൂണ്ടിക്കാട്ടുന്നു. വലിയതോതിലുള്ള വ്യാപാര പ്രവർത്തനങ്ങളും നഗരവികസനവും ഉണ്ടാക്കിയ മാറ്റങ്ങളും ഇതിൽ കാണാം. പ്ലസ് ടു വിദ്യാർത്ഥികളായ ശബരി പ്രകാശും എബിനും ചേർന്നാണ് മോഡൽ അവതരിപ്പിച്ചത്.

Advertisement
Advertisement