എസ്.ബി.ഐയുടെ ലാഭം റെക്കാഡ് ഉയരത്തിൽ

Sunday 06 November 2022 3:49 AM IST

 സെപ്തംബർപാദ ലാഭം 74% ഉയർന്ന് ₹13,265 കോടി

മുംബയ്: രാജ്യത്തെ ഏറ്റവും വലിയബാങ്കായ എസ്.ബി.ഐ നടപ്പു സാമ്പത്തികവർഷത്തെ രണ്ടാംപാദമായ ജൂലായ്-സെപ്തംബറിൽ 73.93 ശതമാനം വളർച്ചയോടെ 13,265 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. പലിശവരുമാനത്തിലെ വർദ്ധനയും കിട്ടാക്കടം തരണംചെയ്യാനുള്ള നീക്കിയിരുപ്പ് ബാദ്ധ്യത (പ്രൊവിഷൻസ്) കുറഞ്ഞതുമാണ് ബാങ്കിന് കരുത്തായത്.

കഴിഞ്ഞവർഷത്തെ സമാനപാദത്തിൽ ലാഭം 7,627 കോടി രൂപയായിരുന്നു. അറ്റ പലിശവരുമാനം (എൻ.ഐ.ഐ) 12.83 ശതമാനം വർദ്ധിച്ച് 31,184 കോടി രൂപയിൽ നിന്ന് 35,183 കോടി രൂപയായി. ആഭ്യന്തരപ്രവർത്തനങ്ങളിൽ നിന്നുള്ള അറ്റ പലിശ മാർജിൻ (എൻ.ഐ.എം) 3.50 ശതമാനത്തിൽ നിന്ന് 3.55 ശതമാനത്തിലെത്തി.

ബാങ്കിന്റെ വായ്പകൾ 19.93 ശതമാനം ഉയർന്ന് 30.35 ലക്ഷം കോടി രൂപയും നിക്ഷേപം 9.99 ശതമാനം വർദ്ധിച്ച് 41.9 ലക്ഷം കോടി രൂപയുമായി.

കിട്ടാക്കടത്തിൽ ആശ്വാസം

കിട്ടാക്കടം തരണംചെയ്യാനുള്ള ബാദ്ധ്യത (പ്രൊവിഷൻസ്) ജൂൺപാദത്തിലെ 4,268 കോടി രൂപയിൽ നിന്നും 2021ലെ സമാനപാദത്തിലെ 2,699 കോടി രൂപയിൽ നിന്നും 2,011 കോടി രൂപയായി കഴിഞ്ഞപാദത്തിൽ താഴ്‌ന്നത് ബാങ്കിന് ആശ്വാസമായി.

മൊത്തം നിഷ്‌ക്രിയ ആസ്‌തി (ജി.എൻ.പി.എ) 4.9 ശതമാനത്തിൽ നിന്ന് 3.52 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്‌തി (എൻ.എൻ.പി.എ) 1.52 ശതമാനത്തിൽ നിന്ന് 0.80 ശതമാനത്തിലേക്കും കുറഞ്ഞു.

ബാങ്ക് ഒഫ് ബറോഡയ്ക്ക്

ലാഭം ₹3,313 കോടി

കഴിഞ്ഞപാദത്തിൽ ബാങ്ക് ഒഫ് ബറോഡയുടെ ലാഭം 2,088 കോടി രൂപയിൽ നിന്ന് 58.7 ശതമാനം ഉയർന്ന് 3,313 കോടി രൂപയായി. അറ്റ പലിശ വരുമാനം 34.5 ശതമാനം ഉയർന്നതും പ്രൊവിഷൻസ് 41 ശതമാനം കുറഞ്ഞതും ബാങ്കിന് നേട്ടമായി.

മൊത്തം നിഷ്‌ക്രിയ ആസ്‌തി 0.95 ശതമാനം കുറഞ്ഞ് 5.31 ശതമാനത്തിലും അറ്റ നിഷ്‌ക്രിയ ആസ്‌തി 0.42 ശതമാനം താഴ്ന്ന് 1.16 ശതമാനത്തിലുമെത്തി.

Advertisement
Advertisement