പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയും,​ ലോകം ഏറ്റെടുത്ത വൈറൽ കട്ടൗട്ടുകൾ മാറ്റാൻ പഞ്ചായത്തിന്റെ നിർദ്ദേശം,​ നിരാശയിൽ ആരാധകർ

Saturday 05 November 2022 10:03 PM IST

കോഴിക്കോട്: ഖത്തർ ലോകകപ്പ് ഫുട്ബോളിന്റെ ആവേശം നിറച്ച് കോഴിക്കോട് പുള്ളാവൂർ പുഴയിൽ ആരാധകർ സ്ഥാപിച്ച ഫുട്ബാൾ സൂപ്പർതാരങ്ങളായ മെസിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകൾ നീക്കാൻ നിർദ്ദേശം. ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയുമെന്ന അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കട്ടൗട്ടുകൾ നീക്കം ചെയ്യുന്നത്.

കഴിഞ്ഞ ആഴ്ചയാണ് കോഴിക്കോട് ചാത്തമംഗലം എൻ.ഐ.ടിക്ക് സമീപം പുള്ളാവൂർ പുഴയുടെ നടുവിൽ ഇതിഹാസ താരം ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് ഉയർത്തിയത്. കട്ടൗട്ട് ചുരുങ്ങിയ സമയം കൊണ്ട് ലോകം മുഴുവൻ വൈറലായി. 0 അടി ഉയരത്തിലും 8 അടി വീതിയിലും ഇളംനീല ജേഴ്സിയിൽ ന‌െഞ്ചും വിരിച്ച് നിൽക്കുന്ന മെസി കോഴിക്കോട് നിന്ന് കടൽ കടന്ന് ഖത്തറിലും അർജന്റീനയിലും യൂറോപ്പിലും അമേരിക്കയിലുമെല്ലാം തരംഗമായി. ലോകമെമ്പാടുമുള്ള അർജന്റീന, മെസി ആരാധകരുടെ ഫാൻ പേജുകളില്ലാം കോഴിക്കോടുകാരുടെ മെസി പ്രേമം സ്ഥാനം പിടിച്ചു. ഫോക്സ് സ്പോർട്സ് അർജന്റീന പോലുള്ള പ്രമുഖ ഓൺലൈൻ മാധ്യമങ്ങളും സംഭവം വാർത്തയാക്കി. ഒളിമ്പിക്സ് വെബ്സൈറ്റിലും വാർത്തയെത്തി. ഇതിന് മറുപടിയായി ബ്രസീൽ ആരാധകർ നെയ്മറുടെ കട്ടൗട്ടും പുള്ളാവൂർ പുഴയിൽ സ്ഥാപിച്ചു. 40 ഉയരത്തിലായിരുന്നു കട്ടൗട്ട്.

എന്നാൽ പരാതിയെ തുടർന്ന് രണ്ട് കട്ടൗട്ടുകളും നീക്കനാണ് ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറി നിർദ്ദേശം നൽകിയിരിക്കുന്നത്. പരാതിയെ തുടർന്ന് സ്ഥലത്ത് പരിശോധന നടത്തിയെന്നും വസ്തുതകൾ ബോധ്യപ്പെട്ടതിനാൽ കട്ടൗട്ടുകൾ നീക്കാൻ നിർദ്ദേശം നൽകിയെന്നും പഞ്ചായത്ത് സെക്രട്ടറി വിശദീകരിച്ചു.