അരിവില ഉയരുന്നത് കേന്ദ്ര നിലപാട് മൂലം: മന്ത്രി ജി.ആർ.അനിൽ

Sunday 06 November 2022 12:00 AM IST

തിരുവനന്തപുരം: പച്ചരി കൂടുതൽ നൽകുന്ന കേന്ദ്രസർക്കാർ നിലപാടാണ് കേരളത്തിലെ അരിയുടെ വിലക്കയറ്റത്തിന് കാരണമെന്ന് മന്ത്രി ജി.ആർ. അനിൽ. രാജ്യത്ത് വിലക്കയറ്റം ഫലപ്രദമായി പിടിച്ചുനിറുത്തുന്ന സംസ്ഥാനമാണ് കേരളം. 50 ശതമാനം വീതം പുഴുക്കലരിയും പച്ചരിയും കഴിഞ്ഞ മാസം വരെ ലഭിച്ചിരുന്ന കേരളത്തിലെ എഫ്.സി.ഐ ഗോഡൗണുകളിൽ 75 ശതമാനവും പച്ചരിയാണ് നിലവിലുള്ളത്. കേന്ദ്ര സർക്കാരിന്റെ ഈ നയം കേരളത്തിലെ പുഴുക്കലരി വില വർദ്ധനവിന് കാരണമായിട്ടുണ്ടെന്നും പഴയപോലെ എഫ്.സി.ഐ വഴി 50 ശതമാനം പുഴുക്കലരി വിതരണം ഉറപ്പുവരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. വിലക്കയറ്റം തടയുന്നതിനായി വിപണി ഇടപെടൽ ശക്തമാക്കിയിട്ടുണ്ട്. വെള്ള, നീല കാർഡുടമകൾക്ക് ഈ മാസം മുതൽ 10.90 രൂപ നിരക്കിൽ 8 കിലോ അരി സ്പെഷ്യലായും സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളിലൂടെ 'അരിവണ്ടി" വഴി സംസ്ഥാനത്തെ 500ലധികം കേന്ദ്രങ്ങളിൽ മട്ട, ജയ, കുറുവ, പച്ചരി തുടങ്ങിയ ഇനം അരികൾ സൗജന്യ നിരക്കിലും വിതരണം ചെയ്യും. ഒരു താലൂക്കിൽ 2 ദിവസം എന്ന രീതിയിൽ 7 വരെ അരിവണ്ടി സഞ്ചരിക്കും.

വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കളക്ടർമാരുടെ നേതൃത്വത്തിൽ 642 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 82 വ്യാപാരസ്ഥാപനങ്ങളിൽ വിലവിവരപ്പട്ടികയില്ലാത്തതിനെതിരെയും അളവു തൂക്ക ഉപകരണങ്ങളിലെ കൃത്യതക്കുറവിന്റെയും പേരിൽ നടപടിയെടുത്തിട്ടുണ്ടെന്നും 28.20 രൂപ നിരക്കിലായി കർഷരിൽ നിന്നും സർക്കാർ സംഭരിച്ച നെല്ലിന്റെ തുക രണ്ട് ദിവസത്തിനകം കർഷകരുടെ അക്കൗണ്ടിലെത്തുമെന്നും മന്ത്രി ജി.ആർ അനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

റേ​ഷ​ൻ​ ​വി​ത​ര​ണം​ ​നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​ഒ​ക്ടോ​ബ​ർ​ ​മാ​സ​ത്തെ​ ​പി.​എം.​ജി.​കെ.​എ.​വൈ​ ​റേ​ഷ​ൻ​ ​വി​ത​ര​ണം​ ​ന​വം​ബ​ർ​ 15​ ​വ​രെ​ ​നീ​ട്ടി​യ​താ​യി​ ​ജി​ല്ലാ​ ​സ​പ്ലൈ​ ​ഓ​ഫീ​സ​ർ​ ​അ​റി​യി​ച്ചു.

 കിറ്റിലെ ഉപ്പ്

പരാതി ഉയർന്നതിനെ തുടർന്നാണ് ഭക്ഷ്യക്കിറ്റിലെ ഉപ്പ് മാറ്റി പരീക്ഷിച്ചതെന്ന് മന്ത്രി ജി.ആർ അനിൽ. ആദ്യം നൽകിയ ശബരി ഉപ്പിനെക്കുറിച്ച് പരാതി വന്നതിനാലാണ് ഇക്കുറി ടാറ്റായുടെ ഉപ്പ് നൽകിയതെന്നും ശർക്കരയെക്കുറിച്ച് പരാതി വന്നപ്പോൾ മാറ്റിയിരുന്നെന്നും ഇതു സംബന്ധിച്ച് വീഴ്ചയുണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Advertisement
Advertisement