നിയമനത്തിന് പാർട്ടി ലിസ്റ്റ് ചോദിച്ച തിരു. മേയർ രാജിവയ്‌ക്കണം: വി.ഡി. സതീശൻ

Sunday 06 November 2022 12:55 AM IST

മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനം

പറവൂർ:തിരുവനന്തപുരം നഗരസഭയിലെ ആരോഗ്യ വിഭാഗത്തിൽ 295 താൽക്കാലിക തസ്‌തികകളിൽ നിയമനത്തിന് പാർട്ടിയുടെ മുൻഗണനാ പട്ടിക ആവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറിക്ക് കത്തെഴുതി സത്യപ്രതിജ്ഞാ

ലംഘനം നടത്തിയ മേയർ ആര്യ രാജേന്ദ്രൻ രാജിവയ്‌ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.

സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലും സി.പി.എം ജില്ലാ സെക്രട്ടറിമാർ നൽകുന്ന പട്ടികയിൽ നിന്നാണ് നിയമനമെന്ന് സതീശൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ ഒൻപത് നിയമനങ്ങൾക്കായി പട്ടിക ആവശ്യപ്പെട്ട് നഗരസഭയിലെ സി.പി.എം പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ. അനിൽ ജില്ലാ സെക്രട്ടറിക്ക് എഴുതിയ കത്തും പുറത്തു വന്നിട്ടുണ്ട്.

തൊഴിലിനായി ചെറുപ്പക്കാർ അലയുമ്പോൾ,സർക്കാർ കാട്ടുന്ന വൃത്തികേടുകളാണ് മേയറുടെ കത്തിലൂടെ പുറത്തു വന്നത്. ഡൽഹിയിൽ പോയി തൊഴിലിന് വേണ്ടി സമരം നടത്തിയവരാണ് ബന്ധുക്കളെയും പാർട്ടിക്കാരെയും നിയമിക്കുന്നത്.

കാസർകോട് ജില്ലാ ആശുപത്രിയിലെ നിയമനത്തിന് ഒന്നാം റാങ്ക് പെരിയ കൊലക്കേസിലെ ഒന്നാം പ്രതിയുടെ ഭാര്യക്കും രണ്ടാം റാങ്ക് രണ്ടാം പ്രതിയുടെ ഭാര്യക്കുമായിരുന്നു.

മന്ത്രിസഭാ യോഗമാണ് പെൻഷൻ പ്രായം ഉയർത്താൻ തീരുമാനിച്ചത്. എന്നിട്ടും പാർട്ടിയുടേയോ സർക്കാരിന്റെയോ നയമല്ലെന്നാണ് പറയുന്നത്. നയവിരുദ്ധ ഉത്തരവിറക്കിയ മന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കുമോ?

എസ്.പിമാരെ സി.പി.എം ജില്ലാ സെക്രട്ടറിമാരും എസ്.എച്ച്.ഒമാരെ ഏരിയാ സെക്രട്ടറിമാരുമാണ് നിയന്ത്രിക്കുന്നത്. തലശേരിയിൽ ആറ് വയസുകാരനെ ചവിട്ടിയ പ്രതിയെ വിട്ടത് ഏത് നേതാവ് ആവശ്യപ്പെട്ടിട്ടാണ്?

സർക്കാരും ഗവർണറും തമ്മിൽ വാചകമടി അല്ലാതെ ഒരു യുദ്ധവുമില്ല. അഡ്വക്കേറ്റ് ജനറൽ ഉൾപ്പെടെ നൂറുകണക്കിന് അഭിഭാഷകരുള്ളപ്പോഴാണ് ഗവർണർക്ക് ബിൽ പിടിച്ചുവയ്ക്കാൻ അധികാരം ഉണ്ടോയെന്നറിയാൻ ഫാലി എസ്. നരിമാന് 46 ലക്ഷം രൂപ നൽകിയതെന്നും സതീശൻ പറഞ്ഞു.

Advertisement
Advertisement