എഴുവറങ്ങി ഏലായിൽ കാട്ടുപന്നികളുടെ വിളയാട്ടം

Saturday 05 November 2022 11:03 PM IST

പന്തളം:കുടശനാട് പുലിക്കുന്ന് എഴുവറങ്ങി ഏലായിൽ കാട്ടുപന്നികളുടെ വിളയാട്ടം. എഴുവറങ്ങി വടക്കേക്കര എസ്.സോമന്റെ വിളവെടുപ്പിന് പാകമായ നൂറോളം മരച്ചീനിയാണ് കഴിഞ്ഞ ഒരാഴ്​ചയിലധികമായി നശിപ്പിച്ചത്. നിരകത്ത് കുഞ്ഞുചെറുക്കൻ, മാമ്പോഴിൽ രാമചന്ദ്രൻ, കുഞ്ഞുപിളള, രവീന്ദ്രൻ, ശിവാനന്ദൻ,ഉണ്ണി,വത്സലാലയം അയ്യൻ തുടങ്ങിയവരുടെ പാട്ടസ്ഥലത്ത് നടത്തിയകൃഷികളും പന്നികളുടെ അതിക്രമത്തിന് ഇരയായി. ഏത്തവാഴ, ചേമ്പ്,കാച്ചിൽ തുടങ്ങിയ കൃഷികളെല്ലാം നശിപ്പിച്ചു. പുലിക്കുന്ന് അംബദ്കർ ഗ്രാമവാസികളായ ഈ കർഷകർ പരാതിപറഞ്ഞു മടുത്തവരാണ്. കൃഷിനാശം നേരിട്ട് കണ്ട് നഷ്ടപരിഹാരം നൽകാനും പന്നികളെ നശിപ്പിക്കാൻ നടപടി ഉണ്ടാകണമെന്നുമാണ് അവരുടെ ആവശ്യം.കുരമ്പാല തെക്ക്, മുക്കോടി, മാവിനാൽ, മണ്ണിവയൽ എന്നിവിടങ്ങളിലും, പന്തളം തെക്കേക്കര പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും കുളനട ഉള്ളന്നൂർ മേഖലകളിലും പന്നി ശല്ല്യം കാരണം കർഷകർ ദുരിതത്തിലാണ്. മുമ്പ് രാത്രിയിലായിരുന്നു ഇവയുടെ ശല്യമെങ്കിൽ ഇപ്പോൾ പകലും കൂട്ടത്തോടെ ഇറങ്ങുന്നു. സമീപകാലത്ത് എം.സി റോഡിലും കുരമ്പാല -പഴകുളം റോഡിലും വാഹനങ്ങൾ തട്ടി മൂന്ന് പന്നികൾ ചത്തിരുന്നു. ഇവയുടെ ശല്യം കാരണം കർഷകർ പലരും കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്.

Advertisement
Advertisement