ശബരിമല തീർത്ഥാടനം : അവലോകനയോഗം - ശരണവഴികൾ ഉണരുന്നു

Saturday 05 November 2022 11:05 PM IST

പത്തനംതിട്ട : ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തിയുള്ള യോഗം മന്ത്രി വീണാ ജോർജിന്റെ സാന്നിദ്ധ്യത്തിൽ കളക്ടറേറ്റിൽ ചേർന്നു

പത്തനംതിട്ട നഗരത്തിലെ സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ കൂടുതൽ ട്രാഫിക് പോലീസിനെ നിയോഗിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ പറഞ്ഞു. നിരോധിച്ചിരിക്കുന്ന ഇടങ്ങളിൽ വാഹന പാർക്കിംഗ് ചെയ്യുന്നത് തടയാൻ ട്രാഫിക്ക് പൊലീസ് ഇടപെടണം. കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെ സ്ഥലപരിമിതി പരിഹരിക്കാൻ നഗരസഭയുടെ ബസ് സ്റ്റാൻഡിന്റെ കുറച്ചുഭാഗം വിനിയോഗിക്കണം.

ഗതാഗതം

പമ്പയിൽ കെ.എസ്.ആർ.ടിസി ബസുകളുടെ പാർക്കിംഗിന് ഉചിതമായ സ്ഥലം കണ്ടെത്തണം. പ്ലാപ്പള്ളി- ആങ്ങമൂഴി റോഡിന്റെ അറ്റകുറ്റപ്പണി ഈമാസം 10ന് മുൻപ് പൂർത്തിയാക്കണം. തീർത്ഥാടകർ സഞ്ചരിക്കുന്ന മറ്റു പാതകളുടെ അറ്റകുറ്റപ്പണി നടത്തണം. വാഹനാപകടം ഒഴിവാക്കാൻ റോഡുകളിൽ ക്രാഷ് ഗാർഡ്, ഹമ്പ് മാർക്കിംഗ്, ബ്ലിങ്കേഴ്‌സ് ഉൾപ്പെടെയുള്ള സുരക്ഷക്രമീകരണങ്ങളും വളവുകളിൽ മാർക്കിംഗും പൊതുമരാമത്ത് വകുപ്പ് ഉറപ്പാക്കണം. ആറാട്ടുപുഴ -ചെട്ടിമുക്ക് -ചെറുകോൽപ്പുഴ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കണം. കൈപ്പട്ടൂർ പാലത്തിൽ സംരക്ഷണ ഭിത്തി ബലപ്പെടുത്തുന്ന സ്ഥലം നിരീക്ഷിച്ച് അപകടസ്ഥിതിയില്ലെന്ന് ഉറപ്പാക്കണം.

തീർത്ഥാടനത്തോട് അനുബന്ധിച്ച് കെ.എസ്.ആർ.ടി.സി സർവീസ് 15 ന് ആരംഭിക്കും. തിരക്ക് നിയന്ത്രിക്കുന്നതിനും മുതിർന്ന പൗരന്മാർക്ക് സേവനം നൽകുന്നതിനും പമ്പ ത്രിവേണിയിൽ 10 കൂപ്പൺകൗണ്ടർ കെ.എസ്.ആർ.ടി.സി ക്രമീകരിക്കും. തീർത്ഥാടകർ കടന്നു പോകുന്ന ഉപ്പുപാറ ശബരിമല കാനനപാത വൃത്തിയാക്കി. അഴുത പമ്പ പാത നവീകരണം രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിയാകും.

ആരോഗ്യം

കോന്നി മെഡിക്കൽ കോളേജിൽ 15 കിടക്കകൾ ഉൾപ്പെടുത്തി ശബരിമല വാർഡ് ക്രമീകരിക്കും. പമ്പ ഗവ ആശുപത്രിയിൽ ആരോഗ്യവകുപ്പിന്റെ കൺട്രോൾ റൂം തുറക്കും. പമ്പ -സന്നിധാനം പാതയിൽ 18 എമർജൻസി മെഡിക്കൽ സെന്ററുകൾ സജ്ജമാക്കും. ആന്റി വെനം, ആന്റി റാബിസ് വാക്‌സിൻ പോലുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പാക്കും. കോവിഡാനന്തര തീർത്ഥാടന കാലം ആയതിനാൽ ശ്വാസകോശ, ഹൃദയ സംബന്ധമായ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.

  • കുടിവെള്ള വിതരണ ക്രമീകരണങ്ങൾ 10 ന് പൂർത്തിയാക്കും
  • പമ്പയിൽ തീർത്ഥാടകർക്കായി 60 ഷവർ യൂണിറ്റുകൾ
  • വൈദ്യുതി വകുപ്പിന്റെ അറ്റകുറ്റപ്പണികൾ ഒൻപതിന് പൂർത്തിയാക്കും.
  • 14 മുതൽ നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ എക്‌സൈസ് റേഞ്ച് ഓഫീസുകൾ പ്രവർത്തിക്കും
  • പന്തളം, ആറന്മുള എന്നിവിടങ്ങളിൽ എക്‌സൈസ് വകുപ്പിന്റെ എയ്ഡ്‌പോസ്റ്റ് തുടങ്ങും.
  • ഇലവുങ്കൽ കേന്ദ്രീകരിച്ച് മോട്ടോർവാഹന വകുപ്പിന്റെ സേഫ്‌സോൺ പദ്ധതി നടപ്പാക്കും.
  • ശബരിമല പാതകളിൽ സേഫ്‌സോണിന്റെ 20 സ്‌ക്വാഡുകൾ 24 മണിക്കൂറും പ്രവർത്തിക്കും

Advertisement
Advertisement