വേളമാനൂർ നെട്ടയം റോഡിന് ഇനിയും ശാപമോക്ഷമായില്ല

Sunday 06 November 2022 1:11 AM IST

ചാത്തന്നൂർ: ജില്ലാ അതിർത്തിയിലെ റോ‌‌ഡായ കല്ലുവാതുക്കൽ പഞ്ചായത്തിലെ വേളമാനൂർ നെട്ടയം റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങളായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകാത്തതിനാൽ ദുരിതനുമനുഭവിക്കുകയാണ് നാട്ടുകാരും വഴിയാത്രികരും. തിരുവനന്തപുരം ജില്ലയിലെ വർക്കല നിയോജകമണ്ഡലത്തിലെ പള്ളിക്കൽ പഞ്ചായത്തിലും കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിലുമായാണ് റോഡ് കിടക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ഭാഗം ഭംഗിയായി ടാർ ചെയ്തിട്ടുണ്ട്. നാലു വർഷത്തോളം കുണ്ടും കുഴിയുമായി കിടന്ന കൊല്ലം ജില്ലയിലെ റോഡിന്റെ ഭാഗത്ത് നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെത്തുടർന്ന് ടാറിംഗിനുള്ള നടപടികൾ തുടങ്ങിയിരുന്നു.ഇതിന്റെ ഭാഗമായി രണ്ടുമാസം മുമ്പാണ് ജെ.സി.ബി.യുമായെത്തി റോഡ് മാന്തിപ്പൊളിച്ചിട്ടത്. അടുത്ത ദിവസങ്ങളിൽത്തന്നെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ നാളിതുവരെയായിട്ടും യാതൊരുവിധ പുരോഗമനവും ഇല്ലാത്തിനാൽ ഇപ്പോൾ കാൽനടയാത്രപോലും ചെയ്യാൻ കഴിയാത്ത നിലയിലാണ് വേളമാനൂർ ഉണ്ണിത്താംവീട് ഭാഗം മുതൽ നെട്ടയം ജംഗ്ഷൻ വരെയുള്ള റോഡ്.ഓട്ടോറിക്ഷകൾ പോലും ഓട്ടം വിളിച്ചാൽ ഈ ഭാഗത്തേയ്ക്ക് വരില്ല.തുലാവർഷം തുടങ്ങിയതിനാൽ ഇപ്പോൾ ടാറിംഗ് നടത്തിയാൽ റോഡ് വേഗം നശിച്ചുപോകുമെന്നും മഴ കഴിഞ്ഞ് നിർമ്മാണം നടത്താമെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം.

'ബൈക്ക് യാത്രികർ വീണ് തലയ്ക്ക് പരിക്കേറ്റ സംഭവവം വരെ ഉണ്ടായിട്ടുണ്ട്. കരാറുകാരനോട് പലതവണ പറഞ്ഞിട്ടും ഫലമൊന്നുമുണ്ടായില്ല. പഞ്ചായത്ത് എ.ഇ.യുമായി വിഷയം ചർച്ച ചെയ്തപ്പോൾ കരാറുകാരെത്തി റോഡ് ലെവലിംഗ് നടത്തിയശേഷം നിർമ്മാണം പുനരാരംഭിക്കുമെന്നാണ് അറിയിച്ചത്'

റീന മംഗലത്ത്

പഞ്ചായത്തംഗം

'കരാറുകാരന്റെ അലംഭാവം കണ്ടില്ലെന്ന് നടിക്കുന്നത് കല്ലുവാതുക്കൽ പഞ്ചായത്തിന് ഭൂഷണമല്ല. നാടിന്റെ കഷ്ടപ്പാട് അത്രയേറെയാണ്.'

പി.കമലേശൻ

സി.പി.എം എൽ.സി അംഗം

Advertisement
Advertisement