സംസ്ഥാനത്ത് ഇന്നും കനത്ത മഴ, ഇടിമിന്നലിനും സാദ്ധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
Monday 07 November 2022 6:45 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തുലാവർഷത്തോടൊപ്പം തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാത ചുഴിയും അനുബന്ധ ന്യൂനമർദ പാത്തിയുമാണ് മഴ കനക്കാൻ കാരണം. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.