മാദ്ധ്യമപ്രവർത്തകരോട് കടക്ക് പുറത്തെന്ന് ആര് പറഞ്ഞാലും ജനാധിപത്യവിരുദ്ധം; ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ആ പദവിയുടെ മഹത്വം കളങ്കപ്പെടുത്തരുതെന്ന് പ്രതിപക്ഷ നേതാവ്

Monday 07 November 2022 12:10 PM IST

തിരുവനന്തപുരം: മീഡിയ വണ്ണിനെയും കൈരളി ടിവിയേയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിലക്കിയത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാദ്ധ്യമപ്രവർത്തകരോട് കടക്ക് പുറത്തെന്ന് ആര് പറഞ്ഞാലും ജനാധിപത്യവിരുദ്ധമാണെന്നും ഗവർണർ ഉൾപ്പടെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ആ പദവിയുടെ മഹത്വം കളങ്കപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദിവസങ്ങൾക്ക് മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിലും ഗവർണർ നാല് മാദ്ധ്യമങ്ങളെ വിലക്കിയിരുന്നു. ഒരു വിഭാഗം മാദ്ധ്യമങ്ങളെ ഇറക്കിവിടുന്നതിലൂടെ വിവരങ്ങൾ ജനങ്ങളിൽ എത്തിക്കുന്നത് തടയാമെന്ന് ഗവർണർ വിചാരിക്കരുതെന്നും അത് ന്യായീകരിക്കാനാകില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.

മാദ്ധ്യമങ്ങളെ ഒഴിവാക്കുകയെന്നത് ഫാസിസ്റ്റ് ഭരണകൂട ശൈലിയാണെന്നും ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് മാത്രമല്ല മാദ്ധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇന്ന് രാവിലെ കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് മീഡിയവണ്ണിനോടും കൈരളി ടിവിയോടും സംസാരിക്കില്ലെന്നും ഈ ചാനലുകളുടെ റിപ്പോർട്ടർമാർ പുറത്തുപോകണമെന്നും ഗവർണർ ആവശ്യപ്പെട്ടത്.