ഗവർണറുടെ നിലപാട് തനിക്കും സർവകലാശാലയ്‌ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു, നേരിട്ട് ഹാജരാകില്ലെന്ന് കണ്ണൂർ വി സി

Monday 07 November 2022 8:40 PM IST

കണ്ണൂർ: കോടതിയെ അറിയിച്ച കാര്യങ്ങൾ തന്നെയാണ് ഗവർണർക്ക് മറുപടി നൽകിയതെന്നും നേരിട്ട് ഗവർ‌ണറുടെ അടുത്ത് ഹിയറിംഗിന് ഹാജരാകാനില്ലെന്നും കണ്ണൂർ‌ സർവകലാശാല വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രൻ. വേണ്ടിവന്നാൽ തന്റെ അഭിഭാഷകൻ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു. തനിക്കും സർവകലാശാലയ്‌ക്കും ഗവർണറുടെ നിലപാട് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഗോപിനാഥ് രവീന്ദ്രൻ അറിയിച്ചു.

അതേസമയം പുറത്താക്കാതിരിക്കാൻ കാരണം വ്യക്തമാക്കണമെന്ന ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് പത്ത് വൈസ് ചാൻസിലർമാരും വിശദീകരണം നൽകിയിട്ടുണ്ട്. പത്ത് വിസിമാർക്കും ഹിയറിംഗ് കൂടി നടത്തിയ ശേഷം അടുത്ത നടപടിയിലേക്ക് കടക്കാനാണ് ഗവർണറുടെ തീരുമാനം. ഇതിനിടെയാണ് ഹിയറിംഗിന് ഹാജരാകില്ലെന്ന് ഡോ.ഗോപിനാഥ് രവീന്ദ്രൻ അറിയിച്ചിരിക്കുന്നത്.

സുപ്രീംകോടതി വിധിയനുസരിച്ച് പുറത്തായ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി വി.സിയായിരുന്ന ഡോ.രാജശ്രീയൊഴികെ മറ്രെല്ലാവരും ഗവർണർക്ക് വിശദീകരണം നൽകി. കെടിയു വിസിയായി ചുമതലയേറ്റെടുത്ത ഡോ.സിസ തോമസ് ഗവർണറുമായി കൂടിക്കാഴ്‌ചയും നടത്തി.