കടൽ തണുത്തു; കേരള തീരത്ത് മത്തിച്ചാകര

Tuesday 08 November 2022 12:05 AM IST

കൊച്ചി: ഇടയ്ക്കൊന്നു പിൻവാങ്ങി തിരിച്ചെത്തുന്ന സ്വഭാവസവിശേഷതയും 'എൽനിനോ" മാറി 'ലാലിനോ (അപ്പുവല്ലി)" കടലിനെ തണുപ്പിക്കുകയും ചെയ്തതോടെ കേരളമാകെ മത്തിച്ചാകര. മത്തിലഭ്യതയിൽ ഇക്കുറി മുൻകാല റെക്കാഡ് മറികടക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ ആറുമാസത്തിനിടെയാണ് മത്തിയുടെ ലഭ്യത വർദ്ധിച്ചത്. മുഴുവൻ മത്സ്യബന്ധന തുറമുഖങ്ങളിലും ദിവസവും വൻതോതിലാണ് മത്തിയെത്തുന്നത്. രണ്ടുവർഷമായി കേരളത്തിൽ മത്തി കുറഞ്ഞപ്പോൾ കർണാടക, ആന്ധ്ര തീരങ്ങളിൽ സുലഭമായിരുന്നു.

മത്തിയുടെ ലഭ്യത വർദ്ധിച്ചപ്പോൾ മത്സ്യബന്ധത്തൊഴിലാളികളാണ് കഷ്ടത്തിലായത്. ഒരുകിലോയ്ക്ക് 20 മുതൽ 30 രൂപയേ ഹാർബറിൽ ലഭിക്കുന്നുള്ളൂ. വിപണിയിൽ 80 മുതൽ 100 രൂപ വരെയാണ്. പൊടിച്ച് മീൻതീറ്റ, വളം എന്നിവയ്ക്കായി വൻതോതിൽ മത്തി ഉപയോഗിക്കുന്നുണ്ടെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാൾസ് ജോർജ് പറഞ്ഞു.

 ലാലിനോ എന്ന അപ്പുവല്ലി

കടലിന്റെ മേൽത്തട്ടിലെ വെള്ളം ചൂടാകുന്ന പ്രതിഭാസമാണ് എൽനിനോ. ഇവ മത്തിയെ മറ്റ് തീരങ്ങളിലേക്ക് അകറ്റു. ചൂടിൽ മത്സ്യങ്ങളുടെ ഭക്ഷണമായ ആൽഗകൾ കുറയുന്നതാണ് ഇതിന് കാരണം. എന്നാൽ എൽനിനോയുടെ എതിർസ്വഭാവമുള്ള ലാനിനോ സംഭവിക്കുന്നതോടെ മത്തികൾ തിരിച്ചെത്തും. കടലിന്റെ അടിത്തട്ടിലെ തണുത്തജലം ചുഴിപോലെ പ്രവാഹമായി മുകളിലേക്കുയരും. പോഷകസമൃദ്ധമായ വസ്തുക്കളും ഇതുവഴി മേൽത്തട്ടിലെത്തും. ഇവ ഭക്ഷിക്കാനായി മത്സ്യങ്ങളുമെത്തും. കേരളതീരത്ത് ലാലിനോ വ്യാപകമായി സംഭവിച്ചിട്ടുണ്ട്. 'അപ്പുവല്ലി" എന്നാണ് ലാലിനോയെ മത്സ്യബന്ധനത്തൊഴിലാളികൾ വിളിക്കുന്നത്

 മുങ്ങുന്നത് ശീലം

നാലോ അഞ്ചോവർഷം കൂടുമ്പോൾ തീരങ്ങൾ മാറുന്ന ശീലമുള്ള മത്സ്യയിനമാണ് മത്തിയെന്ന് ഗവേഷകർ പറയുന്നു. 1942 മുതൽ ഇക്കാര്യം പഠിക്കുന്നുണ്ട്. 1942ൽ മലബാർ മേഖലയിൽ അപ്രത്യക്ഷമായ മത്തി 1946ലാണ് വീണ്ടുമെത്തിയത്. 1952ലും 1985ലും വൻതോതിൽ കുറഞ്ഞിരുന്നു. ക്രമേണ ലഭ്യത വർദ്ധിച്ചു. 2012ൽ 3.9 ലക്ഷം ടണ്ണെന്ന റെക്കാഡ് കൈവരിച്ചു. 2021 ൽ 3,297 ടണ്ണായി ഇടിഞ്ഞു.

കടലിലെ കാലാവസ്ഥയും ജീവചംക്രമണത്തിലെ സവിശേഷതയുമാണ് മത്തി ഇടയ്ക്കിടെ തീരങ്ങൾ മാറാനും പിന്നീട് തിരിച്ചുവരാനും കാരണമാകുന്നത്. ഇക്കുറി ഘടകങ്ങൾ അനുകൂലമാണ്.

ഡോ.ടി.എം. നജ്മുദ്ദീൻ

ശാസ്ത്രജ്ഞൻ,​ സെൻട്രൽ

മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

 മത്തി ലഭ്യത (ടൺ)

2017 -1,27,93

2018 - 77,093

2019 - 44,320

2020 -13,154

2021 - 3,297