ഭരണഘടനയെപ്പറ്റി അടിസ്ഥാന ധാരണപോലും ഇല്ല, ഗവർണർക്കെതിരെ ജനകീയ മുന്നേറ്റം വേണം; ലഘുലേഖയുമായി എൽ ഡി എഫ്‌

Tuesday 08 November 2022 10:10 AM IST

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരായ ഇടതുലഘുലേഖ വീടുകളിൽ എത്തിച്ചുതുടങ്ങി. രാജ്ഭവനിലേക്ക് എൽ ഡി എഫ് നിശ്ചയിച്ച മാർച്ചിന് രാഷ്ട്രീയ മുഖം ഒഴിവാക്കി, ജനകീയ മുന്നേറ്റമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലഘുലേഖ വിതരണം ചെയ്യുന്നത്.

'ഗവർണർക്ക് ഭരണഘടനയെപ്പറ്റി അടിസ്ഥാന ധാരണപോലും ഇല്ല. അതിനാലാണ് ധനമന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രിയോട് നിർദേശിച്ചത്. ചാൻസലർ എന്ന നിലയിൽ ഗവർണറുടെ നീക്കങ്ങൾ സംഘപരിവാർ അജണ്ടയാണ്. ആർ എസ് എസിന്റെ ചട്ടുകമായ ഗവർണറുടെ നടപടികളെ ചെറുത്തുതോൽപിക്കണം.' - എന്നാണ് ലഘുലേഖയിൽ പറയുന്നത്. ആർ എസ് എസുകാരെ സർവകലാശാലകളിൽ എത്തിക്കാനാണ് ഗവർണറുടെ നീക്കമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്നും ലഘുലേഖയിൽ പറയുന്നുണ്ട്.

ഈ മാസം പതിനഞ്ചിന് നടക്കുന്ന ബഹുജന പ്രതിഷേധത്തിന് മുൻപ് ലഘുലേഖ എല്ലാ വീടുകളിലുമെത്തിക്കാനാണ് എൽ ഡി എഫിന്റെ നീക്കം. സർക്കാർ - ഗവർണർ പോര് എന്നതിന് പകരം 'വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ'യുടെ പേരിലാണ് സമരം സംഘടിപ്പിക്കുന്നത്. ഗവർണർ കേരളത്തിനെതിരെ എന്നടക്കമുള്ള മുദ്രാവാക്യങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്.