ഗിനിയിൽ കുടുങ്ങിയ നാവികരുടെ മോചനത്തിന് അടിയന്തര ഇടപെടല്‍ നടത്തണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Tuesday 08 November 2022 9:24 PM IST

ന്യൂഡൽഹി: ഗിനിയിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ നാവിക സംഘത്തെ മോചിപ്പിക്കാൻ നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. വിഷയത്തിൽ മുഖ്യമന്ത്രി, പ്രധാനമന്ത്രിയെ ആശങ്ക അറിയിച്ചു. കത്തിൽ ബന്ദികളായ മൂന്ന് മലയാളികളെ കുറിച്ച് പരാമർശം നടത്തിയിട്ടുണ്ട്. ഇന്ത്യക്കാരുൾപ്പെടെ 26 ജീവനക്കാരെയാണ് ഗിനിയിലെ നാവികസേന ബന്ദികളാക്കിയിരിക്കുന്നത്.

സമുദ്രാതിർത്തി ലംഘിച്ചതിനാണ് ആഫ്രിക്കൻ രാജ്യമായ ഗിനിയിലെ നാവികസേന ഹീറോയിക് ഇഡുൻ കപ്പലിനെ പിടിച്ചെടുത്തത്. കപ്പലിലെ ചീഫ് ഓഫീസറെ അറസ്‌റ്റ് ചെയ്തിരുന്നു. മലയാളിയായ സനു ജോസാണ് അറസ്‌റ്റിലായത്. എക്വറ്റോറിയൽ ഗിനി സൈന്യമാണ് കപ്പലിനെ ഇപ്പോൾ നിയന്ത്രിക്കുന്നത്.

അതേസമയം, കപ്പലിലുള‌ളവർ തങ്ങൾ അവശരാണെന്നും എത്രയും പെട്ടെന്ന് കേന്ദ്ര സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നിരുന്നു. കപ്പലിലുള്ള എല്ലാവരും മാനസികമായും ശാരീരികമായും തളർന്നിരിക്കുകയാണ്. ദയവ് ചെയ്ത് ഞങ്ങളുടെ പ്രശ്നത്തിൽ കാര്യമായി ഇടപെടണം. 20 നോട്ടിക്കൽ മൈൽ അകലെ നൈജീരിയൻ നേവിയുടെ കപ്പൽ കാത്തിരിക്കുന്നുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. എത്രയും പെട്ടെന്ന് ഞങ്ങളുടെ മോചനത്തിന് വേണ്ടി സർക്കാർ ഇടപെടണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഞങ്ങളിവിടെ തടവിലാണ്. ഞങ്ങളെ നൈജീരിയയിലേയ്ക്ക് കൊണ്ടപോകാൻ അനുവദിക്കരുത്. എങ്ങനെയെങ്കിലും രക്ഷിക്കണം.' വീഡിയോയിൽ കപ്പലിലുള്ളവർ പറയുന്നു.