നിയമ കമ്മിഷൻ പുനഃസംഘടിപ്പിച്ചു,​ ജസ്റ്റിസ് കെ.ടി. ശങ്കരൻ കമ്മിഷൻ അംഗം

Wednesday 09 November 2022 12:02 AM IST

ന്യൂഡൽഹി: കർണാടക ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി ചെയർമാനായി കേന്ദ്ര സർക്കാർ ഇന്ത്യയുടെ 22-ാമത് നിയമ കമ്മിഷൻ പുനഃസംഘടിപ്പിച്ചു. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുനഃസംഘടിപ്പിച്ച കമ്മിഷൻ അംഗങ്ങളായി കേരള ഹൈക്കോടതി മുൻ ജഡ്ജി കെ.ടി. ശങ്കരൻ, ആനന്ദ് പലിവാൾ, പ്രൊഫ. ഡി.പി. വർമ്മ, പ്രൊഫ. (ഡോ.) രാകാ ആര്യ, എം. കരുണാനിധി എന്നിവരെയും നിയമിച്ചു. ഇന്ന് കമ്മിഷൻ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ചെയർമാനും കമ്മിഷൻ അംഗങ്ങളും ചുമതലയേൽക്കും.

21-ാമത് കമ്മിഷൻ ചെയർമാനായ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി.എസ്. ചൗഹാൻ 2018 ആഗസ്റ്റ് 31ന് വിരമിച്ചതിന് ശേഷം കമ്മിഷൻ പുനഃസംഘടിപ്പിച്ചിരുന്നില്ല. സുപ്രധാന നിയമനിർമ്മാണങ്ങളിലും മറ്റ് നിയമ പ്രശ്നങ്ങളിലും നിയമ കമ്മിഷന്റെ നിലപാട് കേന്ദ്ര സർക്കാരിനെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണ്.

അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന അവസ്തി 2022 ജൂലായ് മൂന്നിനാണ് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിച്ചത്. കർണാടകയിലെ സർക്കാർ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവച്ച ഹൈക്കോടതി ബെഞ്ചിന്റെ അദ്ധ്യക്ഷനായിരുന്നു. കേരള ഹൈക്കോടതിയിൽ 2005 ഫെബ്രവരി മുതൽ 2016 ഡിസംബർ വരെ ജഡ്ജിയായിരുന്നു കെ.ടി. ശങ്കരൻ.

 കറപുരളാത്ത ന്യായാധിപ ജീവിതം

നിയമ പഠനരംഗത്തും ന്യായാധിപനെന്നനിലയിലും വ്യക്തിമുദ്ര പതിപ്പിച്ച ജസ്റ്റിസ് കെ.ടി. ശങ്കരൻ കറപുരളാത്ത ന്യായാധിപ ജീവിതത്തിന്റെ ഉടമയാണ്. പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്വദേശിയായ ജസ്റ്റിസ് കെ.ടി. ശങ്കരൻ 1979 ലാണ് അഭിഭാഷകനായി എൻറോൾ ചെയ്യുന്നത്. പട്ടാമ്പി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ പ്രാക്ടീസ് തുടങ്ങി. 1982ൽ കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി. രണ്ട് പതിറ്റാണ്ട് അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത ശേഷം 2005 ഫെബ്രുവരിയിൽ കേരള ഹൈക്കോടതിയിൽ ന്യായാധിപനായി. നെടുമ്പാശ്ശേരി സ്വർണക്കടത്ത് കേസിലെ കരുതൽ തടങ്കൽ റദ്ദാക്കാൻ പ്രതികൾക്കായി ചിലർ 25 ലക്ഷം രൂപ കൈക്കൂലി വാഗ്ദാനം ചെയ്തതെന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ ഏറെ വിവാദമായിരുന്നു. തുടർന്ന് കേസ് പരിഗണിക്കുന്നതിൽ നിന്ന് അദ്ദേഹം പിന്മാറി. വിരമിച്ചതിന് ശേഷം അദ്ദേഹം കേരള

ജുഡിഷ്യൽ ചെയർപേഴ്സണായും പ്രവർത്തിച്ചു.

Advertisement
Advertisement