പിറ്റ് നിയമം കൊണ്ടുവരാൻ നടപടി; മയക്കുമരുന്ന് വില്പനക്കാരെ പൂട്ടാൻ പൊലീസ്

Wednesday 09 November 2022 12:04 AM IST

കൊച്ചി: അറസ്റ്റിലായാലും വൈകാതെ പുറത്തിറങ്ങും, വീണ്ടും ലഹരി ഇടപാട് നടത്തി പോക്കറ്റ് നിറയ്ക്കും. കൊച്ചിയിലെ ലഹരിക്കച്ചവടക്കാരിൽ നല്ലൊരു പങ്കും ഈവിധമാണ് പ്രവർത്തിക്കുന്നത്. പിടിയിലായാലും 14 ദിവസത്തിനകം പുറത്തിറങ്ങാനാകുമെന്ന ആത്മവിശ്വാസമാണ് ഇവർ പിടിവള്ളിയാക്കുന്നത്. ഇതു തിരുത്തി ലഹരിക്കച്ചവടക്കാരെ പാഠംപഠിപ്പിക്കാൻ ഒരുങ്ങുകയാണ് പൊലീസ്.

തുടരെത്തുടരെ ലഹരിക്കേസിൽ പ്രതികളാകുന്നവരെ ഒരുവർഷം വരെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ കഴിയുന്ന പ്രിവൻഷൻ ഒഫ് ഇല്ലിസിറ്റ് ട്രാഫിക്ക് ഇൻ നർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക്ക് സബ്‌സ്റ്റാൻസസ് ആക്ടിന് (പിറ്റ് എൻ.ഡി.പി.എസ് ) കൊണ്ടുവരാനുള്ള സിറ്റി പൊലീസ് നടപടികൾക്ക് വേഗം കൂട്ടി. രണ്ട് ശുപാർശകൾ സർക്കാരിന് കൈമാറിക്കഴിഞ്ഞു. ലഹരിക്കേസുകളുടെ കാര്യത്തിൽ രാജ്യത്തെ ആദ്യ പത്ത് നഗരങ്ങളിൽ കൊച്ചിയും ഉൾപ്പെട്ട സാഹചര്യത്തിലാണിത്. മയക്കുമരുന്ന് കേസുകളിൽ പിടിയിലാകുന്നവർക്ക് മതിയായ ശിക്ഷ ലഭിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. നിയമം വരുന്നതോടെ ഈ ചീത്തപ്പേര് മാറിക്കിട്ടും. മയക്കുമരുന്ന് കച്ചവടം പതിവാക്കിയ ഇടനിലക്കാരുടെയും കടത്തുകാരുടെയും നേരത്തെ പ്രതിയാകുന്നവരുടെയും പട്ടിക തയ്യാറാക്കാനുള്ള നടപടികളും സിറ്റി പൊലീസ് ആരംഭിച്ചു.

പിറ്റ് നിയമം 1988
അപകടകരമായ മയക്കുമരുന്നുകളുടെയും ലഹരി പദാർത്ഥങ്ങളുടെയും അനധികൃത വിതരണം തടയുന്നതാണ് 1988ലെ പിറ്റ് നിയമം. കാപ്പ മാതൃകയിലുള്ള നിയമമനുസരിച്ച് സ്ഥിരം മയക്കുമരുന്ന് കേസുകളിൽ പ്രതിയാകുന്നവരെ ഒരു വർഷം വരെ കരുതൽ തടങ്കലിൽ വയ്ക്കാനാവും.

കേരളം 6

നാഷണൽ ക്രൈം റെക്കാഡ് ബ്യൂറോയുടെ കണക്കിൽ എൻ.ഡി.പി.എസ് കേസുകളുടെ എണ്ണത്തിൽ ആറാം സ്ഥാനത്താണ് കേരളം,5615 എണ്ണം. ഇതിലധികവും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടവയാണ്. മയക്കുമരുന്ന് വില്പന കേസുകൾ 1199 എണ്ണം. 2020ൽ 4968 കേസുകളാണ് ആകെയുണ്ടായിരുന്നത്. പഞ്ചാബിനെ കടത്തിവെട്ടി മയക്കുമരുന്ന് ഉപയോഗം കൂടിയ സംസ്ഥാനമെന്ന കുപ്രസിദ്ധി മഹാരാഷ്ട്ര സ്വന്തമാക്കി. സിക്കിമാണ് ഏറ്രവും പിന്നിൽ, 52 കേസുകൾ.

സംസ്ഥാനം ⇒ കേസുകൾ

• മഹാരാഷ്ട്ര - 10087

• യു.പി - 10432

• പഞ്ചാബ് - 9972

• തമിഴ്നാട് - 6852

Advertisement
Advertisement