ഗവർണർ പോര്: സി.പിയുടെ ചരിത്രം പറഞ്ഞ് മന്ത്രി ശിവൻകുട്ടി

Wednesday 09 November 2022 12:07 AM IST

തിരുവനന്തപുരം: സാദാ ആർ.എസ്.എസുകാരന്റെ നിലവാരത്തിലേക്ക് ഗവർണർ തരംതാഴുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. 1947 ജൂലായ് 25ന് സംഗീത കോളജിന് മുന്നിൽ ദിവാൻ സർ സി.പി. രാമസ്വാമി അയ്യർക്ക് സംഭവിച്ചതെന്താണെന്ന് ഓർക്കുന്നത് നന്നായിരിക്കും. അന്ന് അതുവഴി പോയതാണ് രാമസ്വാമി അയ്യർ. പിന്നെ കണ്ടിട്ടില്ല. ഒരുപാട് സമരപാരമ്പര്യമുള്ള സ്ഥലമാണ് കേരളം.

കാലുമാറ്റവും കൂറുമാറ്റവും കൊണ്ടല്ല കേരളത്തിലെ മുഖ്യമന്ത്രിയും മന്ത്രിമാരും ആ പദവിയിലെത്തിയത്. പിണറായി വിജയൻ അവസരവാദിയല്ല. പൊതുപ്രവർത്തനത്തിന്റെ ഭാഗമായുള്ള സ്ഥാനങ്ങൾ തിരിച്ചെടുത്തുകളയുമെന്ന ഗവർണറുടെ ഭീഷണി വിലപ്പോവില്ല. ഗവർണറുടെ മാദ്ധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമാണ്.

പി.എസ്.സി, റിക്രൂട്ട്മെന്റ് ബോർഡുകൾ വഴിയല്ലാത്ത ഇടക്കാല നിയമനങ്ങളെല്ലാം എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്തണമെന്നാണ് സർക്കാർ നയം. അല്ലാത്തവ ഉണ്ടെങ്കിൽ രേഖാമൂലം പരാതി ലഭിച്ചാൽ നടപടിയെടുക്കും. എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഉദ്യോഗാർത്ഥികൾ ഇല്ലാത്ത തൊഴിൽ മേഖലകളിലേക്ക് പരസ്യം നൽകി എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിവേണം നിയമിക്കാൻ.

Advertisement
Advertisement