കേരള ടൂറിസത്തിന് അന്താരാഷ്ട്ര പുരസ്‌കാരം

Wednesday 09 November 2022 12:13 AM IST

തിരുവനന്തപുരം: കേരള ടൂറിസം വകുപ്പിന് കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്റെ വാട്ടർ സ്ട്രീറ്റ് പദ്ധതിക്ക് അന്താരാഷ്ട്ര പുരസ്‌കാരം. ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ ഷോയായ വേൾഡ് ട്രാവൽ മാർക്കറ്റിന്റെ ജലസംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള കാറ്റഗറിയിലാണ് കേരളത്തിന്റെ വാട്ടർ സ്ട്രീറ്റ് പദ്ധതി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടത്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ ജൂണിൽ കോട്ടയം മറവൻതുരുത്ത് ഗ്രാമമുൾപ്പെടെ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 10 കേന്ദ്രങ്ങളിൽ ജനപങ്കാളിത്തത്തോടെ നടത്തിയ ജലസംരക്ഷണമാണ് വാട്ടർ സ്ട്രീറ്റ് പ്രോജക്ടിനെ അവാർഡിന് അർഹമാക്കിയത്.

ലണ്ടനിലെ ലോക ട്രാവൽമാർക്കറ്റിൽ നടന്ന ചടങ്ങിൽ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അവാർഡ് ഏറ്റുവാങ്ങി. കൊവിഡനന്തര കാലത്ത് കേരള ടൂറിസത്തിന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണിതെന്നും കേരള ടൂറിസത്തിന്റെ കുതിപ്പിന് ഇത് സഹായിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

കനാലുകളും വിവിധ ജലാശയങ്ങളും ആഴം കൂട്ടി വൃത്തിയാക്കി സംരക്ഷിച്ച് ടൂറിസം പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന പദ്ധതിയാണിത്. ജലാശയങ്ങളുടെ സംരക്ഷണത്തിനായി കയർ ഭൂവസ്ത്രം വിരിച്ചശേഷം കയാക്കിംഗ് ഉൾപ്പെടെ നടത്തിയപ്പോഴാണ് പദ്ധതി ലോക ശ്രദ്ധനേടിയത്. ടൂറിസം ഡയറക്ടർ പി.ബി. നൂഹ്, ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോ ഓർഡിനേറ്റർ കെ.രൂപേഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement
Advertisement