കരിക്കോട് സ്റ്റേഷനിൽ 'കാടൻ' വിപ്ളവം

Wednesday 09 November 2022 1:06 AM IST

കൊല്ലം: കരിക്കോട് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകൾ കാട് കയറിയിട്ടും അധികൃതർക്ക് അറിഞ്ഞഭാവമില്ല. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന്റെ പകുതിയോളവും ഒന്നാമത്തേതിന്റെ അവസാനഭാഗത്തും ഒരാൾ പൊക്കത്തിലാണ് കാട് വളർന്നിരിക്കുന്നത്. കാട് വളർന്നുകിടക്കുന്നതിനാൽ ബോഗികളിലെ യാത്രക്കാർ മറുവശത്തെ ട്രാക്കിലേക്ക് ഇറങ്ങുന്നത് വലിയ അപകടസാദ്ധ്യതയാണ് ഉയർത്തുന്നത്.

ഒരു ദിവസം ഇരുദിശകളിലുമായി 16 ഓളം ട്രെയിനുകൾ കരിക്കോട് റെയിൽവേ സ്റ്റേഷൻ വഴി കടന്നുപോകുന്നുണ്ട്. ഇതിൽ പത്തോളം ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പുണ്ട്. രണ്ട് പ്ലാറ്റ്ഫോമുകളുടെയും അവസാന ഭാഗത്താണ് കാട് കൂടുതലായി വളർന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ,​ ഇവിടെ നിർത്തുന്ന ട്രെയിനുകളിലെ അവസാന ബോഗികളിൽ യാത്രക്കാർക്ക് കയറാൻ കഴിയുന്നില്ല. മുന്നിലേക്ക് പോകാൻവഴിയില്ലാത്ത അവസാന ബോഗികളിലെ യാത്രക്കാർക്ക് ട്രാക്കിൽ ഇറങ്ങുകയേ നിവൃത്തിയുള്ളൂ. കാടുകയറിക്കിടക്കുന്ന ഭാഗം സാമൂഹ്യവിരുദ്ധരും തെരുവ് നായകളും താവളമാക്കിയിരിക്കുകയാണ്. രാത്രിയിൽ ഈ ഭാഗത്ത് വെളിച്ചമില്ലാത്തത് ഇവർക്ക് വളമായിട്ടുണ്ട്. തെരുവ് നായകൾ യാത്രക്കാർക്ക് നേരെ ചാടിയടുക്കുന്നതും വീണ് പരിക്കേൽക്കുന്നതുംഇവിടെ നിത്യസംഭവമാണ്.

പ്രഭാത സവാരിക്കാർക്ക്

കൊടുത്ത പണി!

അടുത്തകാലത്ത് കാട് വെട്ടിത്തെളിച്ചെങ്കിലും തുടർച്ചയായ മഴയിൽ അത് അതിവേഗം വളരുകയാണെന്നാണ് റെയിൽവേ സ്റ്റേഷൻ അധികൃതരുടെ വിശദീകരണം. ഒപ്പം കാൽനടയാത്രക്കാരെ തുരുത്തുകയെന്ന ലക്ഷ്യവും അവർ മറച്ചുവയ്ക്കുന്നില്ല. പ്രദേശവാസികളായ ഒരുവിഭാഗം ആളുകൾ പുലർച്ചെ പ്ലാറ്റ്ഫോമിലൂടെ നടക്കാൻ എത്താറുണ്ട്. കാടുകയറിയാൽ ഇവ‌ർ നടക്കാൻ വരില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ,​ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകളും അപകടസാദ്ധ്യതയും അധികൃതർ പരിഗണിക്കുന്നതേയില്ല. പ്ലാറ്റ്ഫോമിന് ആവശ്യത്തിന് നീളമില്ലാത്തതിനാൽ കൂടുതൽ ബോഗികളുള്ള ട്രെയിനുകളിലെ യാത്രക്കാർ ഇറങ്ങാനും കയറാനും ബുദ്ധിമുട്ടുന്നുണ്ട്.

Advertisement
Advertisement