മുഖ്യമന്ത്രിയോട് വി.ഡി.സതീശൻ: സ്വപ്നയുടെ വെളിപ്പെടുത്തലിൽ കേസെടുക്കാത്തതെന്ത്?

Thursday 10 November 2022 12:10 AM IST

തിരുവനന്തപുരം: സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സി.പി.എം നേതാക്കൾക്കെതിരെ എന്തു കൊണ്ടാണ് കേസെടുക്കാത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ,മുൻ മന്ത്രി തോമസ് ഐസക്, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഡി.ജി.പി. ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പൊലീസിന് നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയാണ്. എ.കെ.ജി സെന്ററിലെ അടിമപ്പണിയാണ് പൊലീസ് ചെയ്യുന്നത്. എൽദോസ് കുന്നപ്പിള്ളിക്ക് ഒരു നീതിയും, സി.പി.എം നേതാക്കൾക്ക് മറ്റൊരു നീതിയുമാണ് . പരാതി എഴുതി വാങ്ങി സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിടുന്ന പിണറായി വിജയന് സ്വപ്ന സുരേഷിനെ പേടിയാണ്. അവർ പറയുന്നത് തെറ്റാണെങ്കിൽ അവർക്കെതിരെ കേസ് എടുക്കാൻ സർക്കാർ എന്തിനാണ് മടിക്കുന്നത്. സ്വന്തം നേതാക്കൾക്കെതിരെ സ്ത്രീകളുടെ പരാതി വരുമ്പോൾ സ്വന്തമായി പൊലീസ് സ്റ്റേഷനും ,പാർട്ടി കോടതിയുമുണ്ടെന്ന് പറയുന്ന സി.പി.എമ്മുകാർ ,ഇപ്പോൾ സ്വന്തമായി പി.എസ്.സിയും ആരംഭിച്ചിരിക്കുകയാണ്.

അത് കേരളത്തിൽ നടക്കില്ലെന്നും സതീശൻ പറഞ്ഞു.

മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി,കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, മഹിളാ കോൺഗ്രസ് മുൻ പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണ . ജില്ലാ പ്രസിഡന്റ് ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.കെ.പി.സി.സി. ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് ഡി.ജി.പി. ഓഫീസിന് സമീപം പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. ബാരിക്കേഡ് ഭേദിച്ച് മുന്നോട്ടുപോയ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. നട്ടെല്ലിന്റെ മാതൃക തയ്യാറാക്കി പ്രതീകാത്മകമായി കേരള പോലീസിന് നൽകാൻ ബാരിക്കേഡ് കടന്നെത്തിയ ജെബി മേത്തർ എം.പിയെയും അറസ്റ്റു ചെയ്തു. പിടിവലിയിൽ

മർദ്ദനമേറ്റ സംസ്ഥാന സെക്രട്ടറി ബിന്ദു ചന്ദ്രൻ, ഓമന എന്നിവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉന്തിലും തള്ളിലും രണ്ടു വനിതാ പൊലീസുകാർക്കും പരിക്കേറ്റു.

Advertisement
Advertisement