ഗുണനിലവാരം കുറഞ്ഞ കോഴിയിറച്ചി വിൽപ്പന: കർശന നടപടി വേണമെന്ന് ചിക്കൻ വ്യാപാരികൾ

Thursday 10 November 2022 12:14 AM IST
chicken

കോഴിക്കോട് : ഗുണനിലവാരം കുറഞ്ഞതും മൃതപ്രായമായതുമായ കോഴികളെ വിൽപ്പന നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ കൈക്കൊള്ളണമെന്ന് കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ്, സെക്രട്ടറി വി.പി. മുസ്തഫ കിണാശേരി, ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ട്രഷറർ സി.കെ. അബ്ദുറഹ്‌മാൻ ജില്ലാകമ്മിറ്റി അംഗങ്ങളായ സാദിക്ക് പാഷ, സാജിദ്, സിയാദ്. അബീദ് എന്നിവർ ആവശ്യപ്പെട്ടു.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരം കുറഞ്ഞ കോഴികളെ കൊണ്ടുവന്ന് വിൽപ്പന നടത്തിയതായി കണ്ടെത്തിയ ചിക്കൻ സ്റ്റാളിന്റെ എല്ലാ ഔട്ട്‌ലെറ്റുകളും പരിശോധനയ്ക്ക് വിദേശമാക്കണം. മുൻ കാലങ്ങളിൽ ഇതേ ചിക്കൻ സ്റ്റാളിന്റെ ചെറുവണ്ണൂർ, പുതിയങ്ങാടി, നടക്കാവ്, ഇടിയങ്ങര ഔട്ട്‌ലെറ്റുകളിൽ ഇത്തരം കോഴികളെ വിൽപ്പന നടത്തിയത് കണ്ടെത്തുകയും നിയമനടപടികൾക്ക് വിധേയമാക്കുകയും ചെയ്തതാണ്. എന്നാൽ രാഷ്ട്രീയ ഉദ്യോഗസ്ഥ സ്വാധീനം ഉപയോഗിച്ച് വീണ്ടും തുറക്കുകയായിരുന്നുവെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു. ഇത്തരം സമീപനങ്ങൾ തുടർന്നാൽ അധികാര കേന്ദ്രങ്ങളിലേക്കും ഗുണനിലവാരം കുറഞ്ഞ കോഴികൾ വിൽക്കുന്ന ഔട്ട്‌ലെറ്റുകളിലേക്കും ചിക്കൻ വ്യപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

Advertisement
Advertisement