ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാൻ അനുവദിക്കില്ല: കെ. സുരേന്ദ്രൻ

Thursday 10 November 2022 12:19 AM IST

തിരുവനന്തപുരം: സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാനുള്ള സംസ്ഥാനസർക്കാരിന്റെ നീക്കം ഒരുതരത്തിലും അംഗീകരിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വ്യക്തമാക്കി.

സ്വജനപക്ഷപാതവും ബന്ധുനിയമനങ്ങളും യഥേഷ്ടം നടത്താനാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടം ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാൻ ശ്രമിക്കുന്നത്. ഇത് സുപ്രീംകോടതിയോടുള്ള വെല്ലുവിളിയാണ്. നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളി ബി.ജെ.പി അംഗീകരിക്കില്ല. സി.പി.എമ്മിന്റെയും പിണറായി സർക്കാരിന്റെയും ഭരണഘടനാവിരുദ്ധതയെ തുറന്നുകാണിക്കാൻ ഈ മാസം 15 മുതൽ 30 വരെ ബി.ജെ.പി പ്രവർത്തകർ കേരളത്തിലെ എല്ലാ വീടുകളിലും സമ്പർക്കം നടത്തുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്നുമാറ്റാനുള്ള ഓർഡിനൻസ് അഴിമതിക്ക് കുടപിടിക്കാനാണ്. ഗവർണറെ വെട്ടിക്കൊല്ലാൻ ശ്രമിക്കുമെന്നാണ് മന്ത്രി വി. ശിവൻകുട്ടി ഭീഷണിമുഴക്കിയത്. ശിവൻകുട്ടിക്കെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറാവണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

പിൻവാതിൽ നിയമനവുമായി ബന്ധപ്പെട്ട് കത്തെഴുതിയെന്ന ആരോപണത്തിനിരയായ മേയർ ആര്യ രാജേന്ദ്രൻ രാജിവയ്ക്കേണ്ടതില്ലെന്നും മാപ്പ് പറഞ്ഞാൽ മതിയെന്നുമുള്ള കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പ്രസ്താവന കോൺഗ്രസ് -സി.പി.എം അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന് ഉദാഹരണമാണെന്ന് സുരേന്ദ്രൻ ആരോപിച്ചു.

Advertisement
Advertisement