നെല്ല് സംഭരണം ടോപ്ഗി​യറി​ലെങ്കി​ലും  വി​ല ലഭിക്കാതെ കർഷകർ

Thursday 10 November 2022 1:38 AM IST

25 കോടിയുടെ കുടിശിക
കാത്ത് നെൽകർഷകർ

കൊച്ചി: നെല്ല് സംഭരണം ഊർജി​തമായി തുടരുമ്പോഴും സംഭരിച്ച നെല്ലിന്റെ തുക ലഭിക്കാതെ കർഷകർ. നെല്ല് സംഭരിച്ചതിന്റെ രേഖയായ പി.ആർ.എസ് (പാഡി രസീത് സ്ളിപ്പ് ) ഹാജരാക്കുമ്പോൾ മുൻപ് ഒരാഴ്ചയ്ക്കുള്ളിൽ ബാങ്കുകളിൽ നിന്ന് നെൽവില കർഷകർക്ക് ലഭിച്ചിരുന്നു. ഇത്തവണ സപ്ലൈകോ നേരിട്ട് കർഷകരുടെ അക്കൗണ്ടിലേക്ക് നെൽവില നൽകുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും നടപ്പായില്ല.

പി.ആർ.എസ്, ആധാർ, പാസ്‌ബുക്ക് എന്നിവയുടെ പകർപ്പ് സപ്ളൈകോ ഓഫീസിൽ എത്തിച്ചാൽ സർക്കാർ പണം അനുവദിക്കുന്ന മുറയ്ക്ക് നൽകുമെന്നായിരുന്നു അറിയിപ്പ്. സംഭരണം തുടങ്ങി ഒന്നര മാസമായിട്ടും കർഷകർക്ക് പണം ലഭിച്ചിട്ടില്ല. നെല്ലിന്റെ വില നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങാത്തതാണ് കാരണം. മൂന്നു ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് ഏഴര ശതമാനം പലിശയ്ക്ക് വായ്പയെടുത്ത് കർഷകർക്ക് നൽകാനാണ് തീരുമാനം. 25 കോടിയോളം രൂപയാണ് ഇതുവരെ സംഭരിച്ച നെല്ലിന്റെ വിലയായി കർഷകർക്ക് നൽകാനുള്ളത്.

പത്തു ദിവസത്തിനകം വി​ല ലഭി​ക്കണം

ആര് പണം തന്നാലും പി.ആർ.എസ് ലഭിച്ച് പത്തു ദിവസത്തിനകം നെല്ലിന്റെ വില ലഭിക്കണമെന്നാണ് കർഷകരുടെ ആവശ്യം. 2014-15 ലാണ് പി.ആർ.എസ് വായ്പാ പദ്ധതി നിലവിൽവന്നത്. അതിനുമുമ്പ് സപ്ളൈകോ നേരിട്ട് കർഷകരുടെ അക്കൗണ്ടിൽ പണം നൽകിയിരുന്നു. വീണ്ടും പഴയ രീതിയിലേക്ക് മാറുന്നതോടെ പണത്തിനായി കാത്തിരിപ്പ് വേണ്ടിവരുമോയെന്ന ആശങ്കയിലാണ് കർഷകർ.

* മൂന്നു മില്ലുകൾ കൂടി

നെല്ല് സംഭരണത്തിന് താത്പര്യം പ്രകടിപ്പിച്ച് എറണാകുളത്തെ മൂന്നു പുതിയ മില്ലുകൾ സന്നദ്ധത അറിയിച്ചു. മില്ലുടമകളെ കൂടി ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സപ്ളൈകോ അധികൃതർ അറിയിച്ചു. ഒക്‌ടോബർ ആദ്യ ആഴ്ചയിലാണ് നെല്ലു സംഭരണം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ നാലു മില്ലുകൾ മാത്രമാണ് സംഭരണത്തിനുണ്ടായിരുന്നത്. ഇപ്പോൾ 56 മില്ലുകളാണ് സംഭരിക്കുന്നത്.

* കുടിശിക ഇന്നു മുതൽ

സംഭരിച്ച നെല്ലിന്റെ ഡിസംബർ വരെയുള്ള പണം നൽകുന്നതിന് 500 കോടി രൂപ വേണമെന്നാണ് കണക്കാക്കുന്നത്. സർക്കാർ 129 കോടി രൂപയാണ് നൽകിയത്. തുക ട്രഷറിയിൽ നിന്ന് പിൻവലിക്കുന്നതിന് അനുമതി ലഭിച്ചിട്ടുമില്ല. കർഷകരുടെ കുടിശിക നൽകുന്നതിനായി സപ്ളൈകോയുടെ കൈവശമുള്ള 20 കോടി ചെലവഴിക്കുമെന്ന് നെല്ല് സംഭരണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു.

.............................

25

ഇതുവരെ സംഭരിച്ച നെല്ലിന്റെ വിലയായി

25 കോടിയോളം രൂപയാണ്

നൽകാനുള്ളത്

500

സംഭരിച്ച നെല്ലിന്റെ ഡിസംബർ

വരെയുള്ള പണം നൽകുന്നതിന്

വേണ്ട തുക 500 കോടി രൂപ

Advertisement
Advertisement