വിരിവയ്ക്കാം ഇടത്താവളത്തിൽ

Wednesday 09 November 2022 11:04 PM IST

പത്തനംതിട്ട : മണ്ഡല മകരവിളക്ക് തീർത്ഥാടന കാലം ആരംഭിക്കുന്നതിന് മുമ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ് നഗരത്തിലെ ശബരിമല ഇടത്താവളം. തീർത്ഥാടന കാലത്ത് അയ്യപ്പഭക്തർക്ക് പരമാവധി സൗകര്യങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം. തീർത്ഥാടകർക്ക് വിശ്രമിക്കുന്നതിനും വിരി വയ്ക്കുന്നതിനും ഡോർമിറ്ററികൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന അന്നദാന കൗണ്ടർ, ശൗചാലയങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ താഴെ വെട്ടിപ്രത്തുള്ള ഇടത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്. പൊലീസ് എയ്ഡ് പോസ്റ്റ്, ആയുർവേദ അലോപ്പതി ചികിത്സാ കേന്ദ്രങ്ങൾ, ചെറുസംഘങ്ങളായി എത്തുന്ന തീർത്ഥാടകർക്ക് ഭക്ഷണം സ്വന്തമായി പാചകം ചെയ്യുന്നതിനുള്ള സൗകര്യം, പ്രത്യേക വിറകുപുര, വിശ്രമിക്കാൻ ആൽത്തറ എന്നിവ പുതുതായി സജ്ജമാക്കി. പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ നഗരസഭ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. അയ്യപ്പ സേവാ സംഘത്തിന്റെ സേവനവും തീർത്ഥാടകർക്ക് ലഭ്യമാകും.

അവസാനഘട്ട ഒരുക്കങ്ങൾ നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർഹുസൈൻ വിലയിരുത്തി. മുൻവർഷത്തേതിനെക്കാൾ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കാനാണ് നഗരസഭ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്‌സൺ ആമിന ഹൈദരലി, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ആർ അജിത് കുമാർ, അംബിക വേണു, ജെറി അലക്‌സ്, ഇന്ദിരാ മണിയമ്മ, ഷമീർ, ജില്ലാ ആസൂത്രണ സമിതി അംഗം പി കെ അനീഷ്, നഗരസഭാ കൗൺസിലർ റോഷൻ നായർ, നഗരസഭ സെക്രട്ടറി ഷേർല ബീഗം, ഹെൽത്ത് സൂപ്പർവൈസർ മുഹമ്മദ് ഫൈസൽ ഹെൽത്ത് ഇൻസ്‌പെക്ടർ ദീപു, സിനി തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement