ഗുരുദേവൻ-ടാഗോർ സമാഗമ ശതാബ്ദി നിറവിൽ ശിവഗിരി

Thursday 10 November 2022 12:10 AM IST

* ആഘോഷങ്ങൾക്ക് തിങ്കളാഴ്ച തുടക്കം

തിരുവനന്തപുരം: ലോക മഹാഗുരുവായ ശ്രീനാരായണഗുരുദേവനും വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറും മുഖാമുഖം കണ്ട മഹത് നിമിഷങ്ങൾക്ക് നൂറ്റാണ്ടിന്റെ തിളക്കം. 1922 നവംബർ 15 ന് വൈകിട്ട് 4 മണിക്കായിരുന്നു ശിവഗിരിയിൽ ഗുരുദേവന്റെ വിശ്രമ സ്ഥലമായ വൈദിക മഠത്തിൽ മഹാകവി എത്തിയത്. അഭൗമമായ ആ ചരിത്ര മുഹൂർത്തത്തിന്റെ ശതാബ്ദി പരമപവിത്രവും വിജ്ഞാനപ്രദവുമായ പരിപാടികളോടെ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ശിവഗിരി.

ഗുരുദേവൻ- ടാഗോർ സമാഗമ ശതാബ്ദി ആഘോഷങ്ങൾക്ക് വരുന്ന തിങ്കളാഴ്ച രിവിലെ 9ന് കാവ്യാർച്ചനയോടെ തുടക്കമാവും. 15ന് രാവിലെ 10ന് ശതാബ്ദി സമ്മേളനം കൊൽക്കൊത്ത വിശ്വഭാരതി കേന്ദ്രസർവകലാശാല വൈസ് ചാൻസലർ ബിദ്യുത് ചക്രബർത്തി ഉദ്ഘാടനം ചെയ്യും.

വിശ്വഭാരതി സർവകലാശാലയുടെ ധനശേഖരണാർത്ഥം ടാഗോർ നടത്തിയ ഭാരത പര്യടനത്തിന്റെ ഭാഗമായിട്ടായിരുന്നു കേരള യാത്ര. തിരുവിതാംകൂർ മഹാരാജാവിന്റെ ക്ഷണപ്രകാരമാണ് മഹാകവി തിരുവനന്തപുരത്തെത്തിയത്. ഡോ.പല്പുവിന്റെ അഭ്യർത്ഥന മാനിച്ച് നവംബർ 15 ന് ഉച്ചയ്ക്ക് വർക്കല മുസാവരി ബംഗ്ളാവിലെത്തി വിശ്രമിച്ചിട്ടാണ് ശിവഗിരി മഠത്തിലെത്തിയത്.

വൈദിക മഠത്തിന്റെ വരാന്തയിലേക്ക് മഹാകവി കാലെടുത്തുവച്ചതും, ഗുരുദേവൻ കതകു തുറന്നിറങ്ങിയതും ഒരേസമയത്തായിരുന്നു. ' അങ്ങയെ ദർശിച്ചതോടെ എന്റെ ഹൃദയത്തിന് മാറ്റമുണ്ടായിരിക്കുന്നു" എന്ന് ടാഗോർ ആത്മഗതമായി പറഞ്ഞതും ചരിത്രമാണ്.

ഡോ. പല്പുവിനെ കൂടാതെ ടാഗോറിന്റെ പ്രൈവറ്റ് സെക്രട്ടറി സി.എഫ്. ആൻഡ്രൂസ്, സ്വാമി ശിവപ്രസാദ്, മഹാകവി കുമാരനാശാൻ, നടരാജഗുരു എന്നിവരാണ് ടാഗോറിനൊപ്പം ഉണ്ടായിരുന്നത്. സന്ദർശനാനന്തരം ഗുരുദേവനെ കൽക്കട്ടയിലേക്ക് ആനയിക്കാൻ ടാഗോർ ഏറെ ആഗ്രഹിച്ചെങ്കിലും നടക്കാതെ പോയി.