ഗവർണർക്കെതിരായ പ്രക്ഷോഭമായി 15ന് ഒരു ലക്ഷംപേരുടെ രാജ് ഭവൻ മാർച്ച്

Thursday 10 November 2022 2:37 AM IST

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ നേതൃത്വത്തിൽ 15ന് രാവിലെ 11ന് നടക്കുന്ന രാജ്ഭവൻ മാർച്ച് ദേശീയ ശ്രദ്ധ ആകർഷിക്കുന്ന തരത്തിൽ ശക്തമാക്കും. മാർച്ചിൽ ഒരു ലക്ഷം പേരാണ് അണിനിരക്കുക. രാജ്ഭവന് മുന്നിലെ പ്രതിഷേധത്തിനൊപ്പം ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കും പതിനായിരങ്ങൾ പങ്കെടുക്കുന്ന മാർച്ചും നടത്തും. പ്രതിഷേധം വൻവിജയമാക്കാനുള്ള തയ്യാറെടുപ്പുകൾ സംസ്ഥാനത്താകെ നടക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ നേതാക്കൾ അറിയിച്ചു.

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്ന മാർച്ചിൽ തമിഴ്നാട്ടിലെ ഡി.എം.കെ നേതാവ് തിരുച്ചി ശിവ എം.പി അടക്കമുള്ള ദേശീയ നേതാക്കളും പങ്കെടുക്കുന്നുണ്ട്.

കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് മാർച്ച് നടത്തുന്നത്.

ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും താത്പര്യത്തിന് വഴങ്ങി കേരളത്തിലെ സർവകലാശാലകളെ തകർക്കാനുള്ള നീക്കമാണ് ഗവർണർ നടത്തുന്നെന്നാരോപിച്ചാണ് രാജ്ഭവൻമാർച്ച് നടത്തുന്നത്. ഉന്നത വിദ്യാഭ്യാസരംഗത്ത് സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും അതിനെ അട്ടിമറിക്കാൻ ചാൻസലർ പദവിയുപയോഗിച്ച് ഗവർണർ നടത്തുന്ന ഇടപെടലുകൾ വിവരിച്ചുമുള്ള ലഘുലേഖകൾ ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രവർത്തനം പുരോഗമിക്കുകയാണ്. പ്രതിഷേധത്തിനു മുന്നോടിയായി എല്ലാ ജില്ലകളിലും കൺവെൻഷനുകൾ ചേരും. സർവകലാശാലകളിലും കാമ്പസുകളിലും പ്രതിഷേധങ്ങളും സംഘടിപ്പിക്കും. രാജ്ഭവനും മുമ്പിലും ജില്ലാ കേന്ദ്രങ്ങളിലും നടക്കുന്ന മാർച്ചിൽ വിദ്യാഭ്യാസ, സാംസ്‌കാരിക, സാമൂഹ്യ, രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖരും പങ്കെടുക്കും.

Advertisement
Advertisement