അന്ന് ഹൃദയംതൊട്ട കണ്ണീർ, ഇന്ന് പുരസ്കാരം റോഷൻ ജേക്കബിന് അഭിമാനത്തിളക്കം

Thursday 10 November 2022 2:58 AM IST
റോഷൻ ജേക്കബ്ബ്

മലയാളി ഐ.എ.എസ് ഓഫീസർക്ക് ദേശീയ പുരസ്‌കാരം

ന്യൂഡൽഹി: ഹൃദയം തൊട്ട കണ്ണീരുമായി സോഷ്യൽ മീഡിയയിൽ തരംഗമായ മലയാളി ഐ.എ.എസ് ഓഫീസറുടെ

മികവിൽ യു.പിക്ക് ദേശീയ പുരസ്‌കാരം. സെപ്‌തംബറിൽ ലഖ്‌നൗവിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 10 പേർ മരിച്ച അപകടത്തിൽ പങ്കു ചേർന്ന് വിതുമ്പി ശ്രദ്ധ നേ‌‌‌ടിയ ഉത്തർപ്രദേശിലെ മലയാളി ഐ.എ.എസ് ഓഫീസർ റോഷൻ ജേക്കബ്

സെക്രട്ടറിയും ഡയറക്‌ടറുമായ യു.പി സർക്കാരിന്റെ ജിയോളജി, മൈനിംഗ് വകുപ്പിനു കീഴിലുള്ള മൈൻമിത്രയ്‌ക്കാണ് ( കേന്ദ്ര സർക്കാരിന്റെ 2021-22 വർഷത്തെ മികച്ച ഇ-ഗവേർണൻസ് അവാർഡ് ലഭിച്ചത്.

മണൽ അടക്കം കടത്താനുള്ള ഓൺലൈൻ ട്രാൻസിറ്റ് പാസ്, ഓൺലൈൻ ലൈസൻസ്, പെർമിറ്റ്, പാട്ടം, രജിസ്‌ട്രേഷൻ എന്നിവയ്‌ക്കായാണ് ഓൺലൈൻ പ്ലാറ്റ്‌ഫോമായ മൈൻ മിത്ര ആവിഷ്‌കരിച്ചത്. ഇതുവഴി അനധികൃത ഖനനം അടക്കം തടയാനും യു.പി സർക്കാരിന് കഴിഞ്ഞു. ഖനനവുമായി ബന്ധപ്പെട്ട നടപടികൾ സുതാര്യമാക്കി. ഇവയെല്ലാം കണക്കിലെടുത്താണ് അഞ്ചു ലക്ഷം രൂപയും പ്രശസ്‌തി പത്രവും അടങ്ങിയ അവാർഡ് നൽകുന്നത്. നവംബർ 25ന് ജമ്മുവിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.

തിരുവനന്തപുരം സ്വദേശിയും 2004 ബാച്ച് യു.പി കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയുമായ റോഷൻ 2018ൽ സംസ്ഥാന മൈനിംഗ് ജിയോളജി വകുപ്പിലെ ആദ്യ വനിതാ ഡയറക്‌റായി എത്തിയ ശേഷം നടപ്പാക്കിയ പരിഷ്‌കാരങ്ങളിലൊന്നാണ് മൈൻ മിത്ര.

2021 ഏപ്രിലിൽ കൊവിഡ് രണ്ടാം തരംഗം ആഞ്ഞുവീശിയപ്പോൾ ലഖ്‌നൗ ജില്ലാ മജിസ്ട്രേട്ടിന്റെ അധികചുമതലയുണ്ടായിരുന്നു. ജില്ലാ മജിസ്ട്രേട്ടിന് കൊവിഡ് ബാധിച്ചപ്പോഴായിരുന്നു അത്. റോഷന്റെ നേതൃത്വത്തിൽ നടത്തിയ മികച്ച പ്രതിരോധ പ്രവർത്തനങ്ങളിലൂടെ കൊവിഡിനെ നേരിട്ടത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അടക്കം നേരിട്ടുള്ള പ്രശംസ പിടിച്ചു പറ്റി. 2013ൽ ഗോണ്ടയിൽ എൽ.പി.ജി വിതരണം കാര്യക്ഷമാക്കിയും 2014ൽ കാൺപൂർ നഗർ ജില്ലയിലെ പകർച്ചവ്യാധി അടക്കം നിയന്ത്രിച്ചും അവർ കയ്യടി നേടി. ഇക്കഴിഞ്ഞ സെപ്തംബറിൽ കുട്ടികൾ അടക്കം 10പേർ മരിച്ചദുരന്തത്തിൽ അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കളെ ആശുപത്രിയിൽ എത്തി ആശ്വസിപ്പിക്കവെ കരഞ്ഞത് ലോകം മുഴുവൻ ശ്രദ്ധിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളും വാർത്തകളിൽ ഇടം നേടി.

തിരുവനന്തപുരം സ്വദേശിയായ ടി.കെ.ജേക്കബ്ബിന്റെയും ഏലിയാമ്മാ വർഗീസിന്റെയും മകളായ റോഷൻ ജേക്കബ് കേരളസർവകലാശാലയിൽ നിന്നുള്ള ഇംഗ്ളീഷ് ബിരുദാനന്തര ബിരുദധാരിയാണ്. ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ അരിന്ദം ഭട്ടാചാര്യയാണ് ഭർത്താവ്. രണ്ടു മക്കൾ. 'എ ഹാൻഡ്‌ഫുൾ ഓഫ് സ്റ്റാർഡസ്റ്റ്' (2012) എന്ന പേരിൽ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു.

Advertisement
Advertisement