ദിവസങ്ങൾക്ക് മുമ്പ് പെൺകുട്ടി കാണാനെത്തി വിഷമങ്ങൾ പറഞ്ഞു, ഒരു വർഷത്തെ സഹായം ചോദിച്ച് കളക്‌ടർ വിളിച്ചത് അല്ലു അർജുനെ; ഒന്നല്ല, നാല് വർഷത്തെ സഹായം ഓഫർ ചെയ്‌ത് താരം

Friday 11 November 2022 11:01 AM IST

അഭിനയത്തിലൂടെ മാത്രമല്ല ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും ജനഹൃദയങ്ങളിൽ കയറിക്കൂടിയ താരമാണ് അല്ലു അർജുൻ. മലയാളത്തിലും അദ്ദേഹത്തിന് ഒരുപാട് ആരാധകരുണ്ട്. ഇപ്പോഴിതാ പ്ലസ്ടുവിന് ശേഷം തുടർപഠനം വഴിമുട്ടിയ ഒരു മലയാളി പെൺകുട്ടിയ്ക്ക് സഹായവുമായെത്തിരിക്കുകയാണ് താരമിപ്പോൾ.

ആലപ്പുഴ ജില്ലാ കളക്ടർ കൃഷ്ണ തേജ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കുറച്ച് ദിവസം മുമ്പാണ് പെൺകുട്ടി കളക്ടറെ കണ്ട് തന്റെ വിഷമങ്ങൾ പറഞ്ഞത്. തുടർന്ന് കുട്ടിയുടെ വിദ്യാഭ്യാസ ചെലവുകൾക്ക് ഒരു വർഷത്തെ സഹായം ചോദിച്ച് കളക്ടർ അല്ലു അർജുനെ വിളിക്കുകയായിരുന്നു. ഒന്നല്ല നാല് വർഷത്തെ മുഴുവൻ വിദ്യാഭ്യാസ ചെലവും ഏറ്റെടുക്കാമെന്നായിരുന്നു താരത്തിന്റെ മറുപടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ആലപ്പുഴ സ്വദേശിനിയായ ഒരു മോള്‍ എന്നെ കാണാനായി എത്തിയത്. പ്ലസ്ടു 92 ശതമാനം മാര്‍ക്കോടെ വിജയിച്ചിട്ടും തുടർന്ന് പഠിക്കാൻ സാധിക്കാത്തതിലുള്ള സങ്കടവുമായാണ് എത്തിയത്. ഈ കുട്ടിയുടെ പിതാവ് 2021-ൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടതിനെ തുടര്‍ന്നാണ് മുന്നോട്ടുള്ള ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായത്.

ഈ മോളുടെ കണ്ണുകളിൽ പ്രതീക്ഷയും ആത്മവിശ്വാസവും എനിക്ക് കാണാനായി. അതിനാൽ വീആർ ഫോർ ആലപ്പി പദ്ധതിയുടെ ഭാഗമായി ഈ കുട്ടിക്കാവശ്യമായ സഹായം ഉറപ്പാക്കാൻ ഞങ്ങൾ തീരുമാനിച്ചു.

നഴ്‌സ് ആകാനാണ് ആഗ്രഹമെന്നാണ് മോൾ എന്നോട് പറഞ്ഞത്. മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കേണ്ടിയിരുന്ന സമയം കഴിഞ്ഞതിനാല്‍ മാനേജ്‌മെന്റ് സീറ്റിലെങ്കിലും ഈ മോള്‍ക്ക് തുടര്‍ പഠനം ഉറപ്പാക്കണം. അതിനായി വിവിധ കോളേജുകളുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് കറ്റാനം സെന്റ് തോമസ് നഴ്സിംഗ് കോളേജില്‍ സീറ്റ് ലഭിച്ചു.

നാല് വർഷത്തെ പഠനം മുന്നോട്ട് കൊണ്ടു പോകുന്നതിനായി ഒരു സ്‌പോൺസർ വേണമെന്നതായിരുന്നു രണ്ടാമത്തെ കടമ്പ. അതിനായി നമ്മുടെ എല്ലാവരുടേയും പ്രിയങ്കരനായ ചലച്ചിത്ര താരം ശ്രീ. അല്ലു അർജുനെ വിളിക്കുകയും കേട്ട പാടെ തന്നെ ഒരു വർഷത്തെയല്ല മറിച്ച് നാല് വർഷത്തേക്കുമുള്ള ഹോസ്റ്റൽ ഫീ അടക്കമുള്ള മുഴുവൻ പഠന ചിലവും അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു.

ഞാൻ തന്നെ കഴിഞ്ഞ ദിവസം കോളേജിൽ പോയി ഈ മോളെ ചേർക്കുകയും ചെയ്തിട്ടുണ്ട്. എനിക്ക് ഉറപ്പാണ്, ഈ മോള്‍ നന്നായി പഠിച്ച് ഭാവിയിൽ ഉമ്മയെയും അനിയനേയും നോക്കുകയും സമൂഹത്തിന് ഉപകരിക്കുകയും ചെയ്യുന്ന നഴ്സായി മാറും.

ഈ കുട്ടിക്ക് പഠിക്കാനാവശ്യമായ സഹായം ഒരുക്കി നൽകിയ സെന്റ് തോമസ് കോളേജ് അധികൃതർ പഠനത്തിനായി മുഴുവൻ തുകയും നൽകി സഹായിക്കുന്ന ശ്രീ. അല്ലു അർജുൻ, വീആർ ഫോർ ആലപ്പി പദ്ധതിക്ക് പൂർണ പിന്തുണ നൽകി കൂടെ നിൽക്കുന്ന നിങ്ങൾ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.