മൂന്നാം കീരിടത്തിൽ മുത്തമിടാൻ ഗോകുലം ഇന്നിറങ്ങും

Friday 11 November 2022 10:09 PM IST

മലപ്പുറം: ഐ ലീഗിൽ തുടർച്ചയായി മൂന്നാം കിരിടം ലക്ഷ്യമിട്ട് ഗോകുലം എഫ്.സി ഇന്ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലിറങ്ങും. വൈകിട്ട് 4.30ന് മുഹമ്മദൻ സ്‌പോർട്ടിങ്ങിനെതിരെയാണ് ആദ്യ മത്സരം. കാണികൾ ഒഴുകിയെത്തി സന്തോഷ് ട്രോഫിയെ സൂപ്പർഹിറ്റാക്കിയ പയ്യനാട്ടെ മണ്ണിൽ ബന്ധവൈരികളുടെ പോരാട്ടം പൊടിപാറുമെന്നുറപ്പ്. കഴിഞ്ഞ വർഷം മുഹമ്മദൻസ് സ്‌പോർട്ടിങ്ങിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ചാണ് ഗോകുലം ഐ ലീഗ് കിരീടം നിലനിർത്തിയത്. ഇതിന്റെ ആവേശത്തിൽ ആദ്യ മത്സരം തന്നെ തീപാറുമെന്ന പ്രതീക്ഷയിലാണ് സോക്കർപ്രേമികൾ. ഇപ്രാവശ്യം കിരീടം നിലനിർത്തി ഹാട്രിക്ക് നേടുകയും ഐ.എസ്.എലിലേക്കുള്ള പ്രവേശനവുമാണ് ക്ലബ്ബിന്റെ ലക്ഷ്യം.

പയ്യനാട് സ്റ്റേഡിയത്തിലാണ് ഗോകുലം കേരളയുടെ ഈ സീസണിലെ ആറ് ഹോം മത്സരങ്ങൾ. ഡിസംബർ ഏഴിന് ശ്രീനിധി ഡെക്കാൻ എഫ്.സിക്കെതിരെ രണ്ടാം മത്സരം അരങ്ങേറും. 12ന് രാജസ്ഥാൻ യുണൈറ്റഡിനെതിരെയും 15ന് നെറോക്ക എഫ്സിക്കെതിരെയും കളത്തിലിറങ്ങും. ജനുവരി എട്ടിന് ചർച്ചിൽ ബ്രദേഴ്സാണ് ഗോഗുലം കേരളയുടെ എതിരാളികൾ. 15ന് ട്രാവു എഫ്.സിയുമായി ഏറ്റുമുട്ടും. 20ന് റിയൽ കശ്മീർ എഫ്‌.സിയുമായാണ് പയ്യനാടിൽ ഗോഗുലത്തിന്റെ അവസാന മത്സരം.

കാമറൂൺ കോച്ച് റിച്ചാർഡ് ടോവയുടെ നേതൃത്വത്തിൽ ഗോകുലം രണ്ട് മാസമായി കോഴിക്കോടായിരുന്നു പരിശീലനം. ആറ് വിദേശ താരങ്ങളുള്ള ടീമിൽ കഴിഞ്ഞ വർഷത്തെ പോലെ മലയാളി താരങ്ങൾക്കാണ് പ്രാമുഖ്യം. ഐ ലീഗിനായി രജിസ്റ്റർ ചെയ്ത 24 അംഗ സ്‌ക്വാഡിൽ 12 മലയാളികളുണ്ട്. അർജുൻ ജയരാജ് (മഞ്ചേരി), നൗഫൽ (മുക്കം,​കോഴിക്കോട്), മുഹമ്മദ് ജാസിം (വളാഞ്ചേരി), താഹിർ സമാൻ (കൊടുവള്ളി), ശ്രീക്കുട്ടൻ (തൃശൂർ), ഷിജിൻ ടി തിരുവനന്തപുരം), സൗരവ് (കണ്ണൂർ), ഷഹജാസ് (അങ്ങാടിപ്പുറം), ഷിബിൻ രാജ് കുനിയിൽ (കോഴിക്കോട്), അഖിൽ പി (ആലുവ), രാഹുൽ രാജു (തിരുവനന്തപുരം), റിഷാദ് പി (തിരൂർ) എന്നീ മലയാളികൾ ഗോകുലത്തിനു വേണ്ടി ബൂട്ട് കെട്ടും. അർജന്റീനയിൽ നിന്നുള്ള ജുവാൻ കാർലോസ് നെല്ലാർ, ബ്രസീലിൽ നിന്നുമുള്ള എവെർട്ടൻ ഗുൽമാരെസ്, കാമറൂൺ സ്വദേശികളായ അമിനോ ബൗബാ സോമലാഗ, ഡോഡിൻഡോ, അഫ്ഘാൻ,​ മിഡ് ഫീൽഡർ ഫർഷാദ് നൂർ എന്നീ വിദേശ താരങ്ങളുടെ പിൻബലത്തിലായിരിക്കും ഗോകുലം ഗ്രൗണ്ടിൽ ഇറങ്ങുക. മലപ്പുറത്ത് രജിസ്റ്റർ ചെയ്ത ക്ലബായ ഗോകുലം ആദ്യമായിട്ടാണ് ഇവിടെ ഐ ലീഗ് മത്സരങ്ങൾ നടത്തുന്നത്.

Advertisement
Advertisement