കാംകോ: മന്ത്രിക്കെതിരെ എ.ഐ.ടി.യു.സിയും സമരത്തിൽ

Saturday 12 November 2022 12:40 AM IST
അത്താണി കാംകോയിൽ സ്ഥിരം എം.ഡിയെ നിയമിക്കുക, സ്‌പെയർ പാർട്‌സ് ലഭ്യത ഉറപ്പു വരുത്തുക മാർക്കറ്റിംഗിലെ അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കാംകോ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഫെഡറേഷൻ ജനറൽ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: കൃഷി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ അത്താണി കാംകോയിൽ വകുപ്പ് മന്ത്രിയുടെ പാർട്ടിയായ സി.പി.ഐയുടെ തൊഴിലാളി യൂണിയനും സമരത്തിൽ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നൽകിയ നിവേദനങ്ങൾക്ക് പരിഹാരമില്ലാത്ത സാഹചര്യത്തിലാണ് എ.ഐ.ടി.യു.സി സമരം ആരംഭിക്കുന്നത്.

കമ്പനിയിൽ സ്ഥിരം എം.ഡിയെ നിയമിക്കുക, സ്‌പെയർപാർട്‌സ് ലഭ്യത ഉറപ്പുവരുത്തുക, മാർക്കറ്റിംഗിലെ അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കമ്പനി ഗേറ്റിന് മുന്നിൽ കാംകോ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ജനറൽ സെക്രട്ടറി പി.രാജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വിജയൻ കുനിശേരി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ആലുവ മണ്ഡലം സെക്രട്ടറി അസ്ലഫ് പാറേക്കാടൻ, യൂണിയൻ സെക്രട്ടറി എസ്.രമേശൻ, ട്രഷറർ എം.പി.അബ്ദുൾ അസീസ്, എം. ഷിജുമോൻ എന്നിവർ സംസാരിച്ചു.

കാംകോയിൽ നഷ്ടസാദ്ധ്യതയേറി

സ്‌പെയർപാർട്‌സിന്റെ ലഭ്യത കുറവ് മൂലം ഉത്പാദന ലക്ഷ്യം കൈവരിക്കാൻ കഴിയാത്തതിനാൽ കമ്പനി നഷ്ടത്തിലേക്ക് പോകാനുള്ള സാദ്ധ്യതയേറി. മാർക്കറ്റിംഗിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പത്ത് വർഷമായി പുതിയ വിപണികൾ കണ്ടെത്താനാവാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.

15000 ടില്ലറുകളുടെ ഉത്പാദനം ലക്ഷ്യമിട്ട ഈ സാമ്പത്തിക വർഷം ഇതുവരെ 2715 ടില്ലറുകളാണ് നിർമ്മിച്ചത്. 643 ടില്ലറുകളാണ് വിൽക്കാനായത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിനേക്കാൾ 3000 ടില്ലറിന്റെ വിൽപ്പനക്കുറവുണ്ടായി. മാളയിൽ നിർമ്മിക്കുന്ന റിപ്പറിന് (കൊയ്ത്ത് യന്ത്രം) ആവശ്യക്കാരേറെയുണ്ടായിട്ടും സ്‌പെയർപാർട്‌സ് ലഭിക്കാത്തതിനാൽ ഉത്പാദനം മുടങ്ങി. 25 കോടി രൂപ മുതൽമുടക്കി ആരംഭിച്ച ട്രാക്ടർ യൂണിറ്റ് സാങ്കേതിക തകരാറുകളാൽ പരാജയപ്പെട്ടു. കോടികൾ മുതൽമുടക്കി തുറന്ന കണ്ണൂർ വലിയ വെളിച്ചം യൂണിറ്റിലെ ന്യൂജനറേഷൻ ടില്ലറിന്റെ നിർമ്മാണവും അനിശ്ചിതത്വത്തിലാണ്.

39 വർഷമായി തുടർച്ചയായി ലാഭത്തിൽ പോകുന്നതും ഏകദേശം 500ഓളം സ്ഥിരം ജീവനക്കാരും 200 ഓളം താത്കാലിക തൊഴിലാളികളുമുള്ള കമ്പനി നഷ്ടത്തിലേക്ക് പോകുന്ന സാഹചര്യത്തിൽ നിന്ന് രക്ഷപ്പെടുത്തണമെന്നാണ് ആവശ്യം.

Advertisement
Advertisement