കുഞ്ഞിത്തൊട്ടിലുമായി ശ്രീഷ്മ

Saturday 12 November 2022 1:36 AM IST

കൊച്ചി: സംസ്ഥാന ശാസ്ത്രോത്സവം മരപ്പണി വിഭാഗം (ഹൈസ്‌കൂൾ) തത്സമയ നിർമ്മാണമത്സരം കാണാനെത്തിയവരുടെ കണ്ണുപതിഞ്ഞത് കുഞ്ഞിത്തൊട്ടിലിലേയ്ക്കായിരുന്നു. നിർമ്മിച്ചത് കാസർകോട് തച്ചങ്ങാട് ഗവ.ഹൈസ്‌കൂളിലെ പത്താംക്ളാസ് വിദ്യാർത്ഥിനി ശ്രീഷ്മ എം.പിയാണ്. കുഞ്ഞുങ്ങളെ ആട്ടിയുറക്കാവുന്ന തൊട്ടിൽ നിർമ്മിക്കാൻ വേണ്ടിവന്നത് രണ്ടരമണിക്കൂർ മാത്രം.

രണ്ട് കാലുകളുറപ്പിച്ച് അതിൽ ചരിച്ചൊരുക്കിയ കഴുക്കോലിലാണ് തൊട്ടിൽ. മരപ്പണിക്കാരനായ അച്ഛൻ മനോഹരൻ ആചാരിയാണ് ശ്രീഷ്മയുടെ ഗുരു. കുഞ്ഞുന്നാൾ മുതൽ അച്ഛനൊപ്പം വീടിന് സമീപത്തെ പണിയിടത്തിൽപ്പോയി ഓരോന്നും കണ്ടും കേട്ടും പഠിച്ചെടുത്തു. വളർന്നപ്പോൾ അച്ഛന് സഹായിയുമായി. സബ് ജില്ലാ കലോത്സവത്തിൽ നിർമ്മിച്ച കസേരയും ജില്ലാ കലോത്സവത്തിൽ നിർമ്മിച്ച കുഞ്ഞൻതൊട്ടിലും ഏറെ പ്രശംസ നേടിയിരുന്നു.

അച്ഛനൊപ്പം ചേർന്ന് നിർമ്മിച്ച മേശയും കസേരയുമെല്ലാം വിറ്റഴിക്കും. അതുവഴി കുടുംബത്തിന് കൈത്താങ്ങാവുകയുമാണ് ശ്രീഷ്മ. അവൾ നിർമ്മിച്ച തടിക്കസേര 5,000രൂപയ്ക്കാണ് വിറ്റത്. അമ്മ രജനി പച്ചക്കറിക്കട നടത്തുന്നു. രേഷ്മയും ഗ്രീഷ്മയുമാണ് സഹോദരിമാർ.

ഞങ്ങൾ മൂന്ന് പെൺമക്കളെയും വളർത്താൻ കഷ്ടപ്പെടുന്ന മാതാപിതാക്കളെ നന്നായി നോക്കണം. അതിന് നല്ലൊരു ജോലി വേണം. സൈന്യത്തിൽ ചേരണമെന്നാണ് ആഗ്രഹം.
ശ്രീഷ്മ എം.പി

Advertisement
Advertisement