സീ അഷ്ടമുടി ട്രയൽ റൺ തുടങ്ങി

Saturday 12 November 2022 1:21 AM IST

കൊല്ലം: അഷ്ടമുടി കായൽ സൗന്ദര്യം ആസ്വദിക്കാൻ ജലഗതാഗത വകുപ്പ് ഒരുക്കിയ ഡബിൾ ഡക്കർ ബോട്ടായ സീ അഷ്ടമുടി, അഷ്ടമുടി കായലിൽ ട്രയൽ റൺ തുടങ്ങി. വേഗത, ബ്രേക്ക്, മൈലേജ് തുടങ്ങിയവയാണ് പരിശോധിക്കുന്നത്.

ഇന്ത്യൻ രജിസ്ട്രാർ ഒഫ് ഷിപ്പിംഗ്, കേരള മാരിടൈം ബോർഡ് എന്നിവയുടെ അനുമതിക്കുള്ള സർവേ ഉടൻ നടക്കും. ഇതിന് ശേഷം സർവീസ് നടത്താൻ ഉദ്ദേശിക്കുന്ന റൂട്ടിൽ വീണ്ടും പരീക്ഷണ സർവീസ് നടത്തും. ഈ സർവീസിൽ സമയം, ഇന്ധന ചെലവ്, മൈലേജ് തുടങ്ങിയവ നിരീക്ഷിച്ച ശേഷം ടിക്കറ്റ് നിരക്ക് നിശ്ചയിക്കും.

കൊല്ലത്ത് നിന്ന് കാവനാട്, അഷ്ടമുടി, സാമ്പ്രാണിക്കോടി, പേഴുംതുരുത്ത്, പെരുങ്ങാലം എന്നിങ്ങനെയാണ് സർവീസ് ആലോചിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂറാണ് സർവീസ് സമയം. രാവിലെ 10 മുതൽ ഒന്ന്, വൈകിട്ട് മൂന്ന് മുതൽ ആറ് എന്നിങ്ങനെ ദിവസം രണ്ട് സർവീസ് നടത്തും. പൂർണമായി വിനോദസഞ്ചാര സർവീസാക്കണോ, സാധാരണ യാത്രക്കാരെയും പ്രവേശിപ്പിക്കണോയെന്ന കാര്യത്തിൽ ധാരണയായിട്ടില്ല. വിനോദ സഞ്ചാരികൾക്ക് മാത്രമായാണ് സർവീസ് നടത്തുന്നതെങ്കിൽ ബോട്ടിന്റെ അപ്പൽ ഡെക്കിൽ 350 രൂപയും ലോവർ ഡെക്കിൽ 250 രൂപയും നിരക്ക് ഇടാക്കാനാണ് പ്രാഥമിക ധാരണ.

ആലപ്പുഴയിലെ യാർഡിൽ ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കിയ ബോട്ട് മൂന്ന് മാസം മുമ്പാണ് കൊല്ലത്ത് എത്തിച്ചത്. മുകൾത്തട്ട് റോഡ് മാർഗവും എൻജിൻ ഉൾപ്പെടുന്ന താഴ്ഭാഗം ജലമാർഗവുമാണ് എത്തിച്ചത്. മാമൂട്ടിൽക്കടവിലെ സ്വകാര്യ യാർഡിലാണ് ബോട്ടിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.

Advertisement
Advertisement