കൊല്ലം തീരത്ത് ഇന്ധന പര്യവേക്ഷണം: കടലിൽ ആഴക്കിണർ രൂപരേഖ ഒരുങ്ങുന്നു

Saturday 12 November 2022 1:28 AM IST

കൊല്ലം: കൊല്ലം തീരത്ത് ഇന്ധന പര്യവേക്ഷണത്തിനുള്ള രൂപരേഖ സ്വകാര്യ ഏജൻസിയുടെ നേതൃത്വത്തിൽ തയ്യാറാക്കി തുടങ്ങി. ആഴക്കടലിൽ അയ്യായിരം മീറ്റർ വരെ ആഴത്തിൽ കിണറുകൾ നിർമ്മിച്ചാണ് പര്യവേക്ഷണം. ഈ കിണറുകളുടെ രൂപരേഖയാണ് തയ്യാറാകുന്നത്.

കിണറുകളിൽ കൂറ്റൻ പൈപ്പ് ലൈനുകൾ കടത്തിവിട്ടാണ് ഇന്ധന സാദ്ധ്യത പരിശോധിക്കുക. പര്യവേക്ഷണത്തിന് ഡയറക്ടർ ജനറൽ ഒഫ് ഹൈഡ്രോ കാർബണിൽ നിന്ന് കരാറെടുത്ത ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെയും ഇവരുടെ ഉപകരാറുകാരുടെയും പ്രതിനിധി സംഘം ഏതാനും ദിവസം മുൻപ് കൊല്ലം പോർട്ട് സന്ദർശിച്ചു.

രൂപരേഖ തയ്യാറായിത്തുടങ്ങിയെങ്കിലും പര്യവേക്ഷണം ആരംഭിക്കുന്നത് ഒരു വർഷം വരെ നീളാനും സാദ്ധ്യതയുണ്ട്. ഇന്ധന സാന്നിദ്ധ്യം കണ്ടെത്തിയാൽ ആറ് മാസത്തിനകം ഖനനം ആരംഭിക്കും. കന്യാകുമാരി മുതൽ എറുണാകുളം വരെയുള്ള തീരഭാഗത്ത് ഇന്ധനസാദ്ധ്യതയുള്ള 17 ബ്ലോക്കുകളിലെ പര്യവേക്ഷണത്തിനാണ് ഓയിൽ ഇന്ത്യ ലിമിറ്റഡ്, ഡയറക്ടർ ജനറൽ ഒഫ് കാർബണിൽ നിന്ന് കരാറെടുത്തിരിക്കുന്നത്.

ആഴക്കടലിൽ ഇരുമ്പ് കൊണ്ട് കൂറ്റൻ പ്ലാറ്റ്ഫോം സ്ഥാപിച്ചാകും കിണർ നിർമ്മാണം നടക്കുക. അത്യാധുനിക സംവിധാനങ്ങളുള്ള കൂറ്റൻ കപ്പൽ ഈ ഭാഗത്ത് നങ്കൂരമിട്ടായിരിക്കും നിരീക്ഷണവും മേൽനോട്ടവും. ഈ കപ്പലിൽ നിന്ന് മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും ബോട്ടുകളും അകറ്റിനിറുത്താനും കപ്പലിന് ഇന്ധനവും ജീവനക്കാർക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കാനും ചുറ്റും ടഗുകൾ ഉണ്ടാകും. പര്യവേക്ഷണ സമയത്ത് ടഗുകൾ വഴി കപ്പലിൽ ഇന്ധനവും ഭക്ഷണവും എത്തിക്കുന്നത് കൊല്ലം പോർട്ട് കേന്ദ്രീകരിച്ചായിരിക്കും. പര്യവേക്ഷണത്തിന് ഉപയോഗിക്കുന്ന കൂറ്റൻ പൈപ്പ് ലൈനുകൾ സംഭരിക്കുന്നതും കൊല്ലം പോർട്ടിലായിരിക്കും.

വലിയ തുറമുഖങ്ങളേക്കാൾ കുറഞ്ഞ നിരക്കിൽ സേവനം ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പര്യവേക്ഷണത്തിനുള്ള ഒരുക്കങ്ങൾ കൊല്ലം പോർട്ട് കേന്ദ്രീകരിച്ച് നടത്തുന്നത്.

കൊച്ചി പോർട്ടിൽ കഴിഞ്ഞ ദിവസം എസ്.ഡബ്ല്യു കുക്ക് എന്ന വിദേശ പര്യവേക്ഷണ കപ്പൽ എത്തിയിരുന്നു. പര്യവേക്ഷണം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള നിരീക്ഷണത്തിനാണ് ഈ കപ്പലെത്തിയതെന്നാണ് സൂചന.

കൊല്ലം പോർട്ട് അധികൃതർ

Advertisement
Advertisement