തീർത്ഥാടന കേന്ദ്രങ്ങളി​ലേയ്ക്ക് ആദ്യ സ്വദേശ് ദർശൻ ടൂറിസ്റ്റ് ട്രെയിനുമായി ഐ.ആർ.സി.ടി.സി

Sunday 13 November 2022 1:04 AM IST
ടൂറിസ്റ്റ് ട്രെയിനുമായി ഐ.ആർ.സി.ടി.സി

കൊച്ചി​: മണ്ഡലകാലം പ്രമാണി​ച്ച് ഭാരതത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുവാൻ അവസരമൊരുക്കി​ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡ് (ഐ.ആർ.സി.ടി.സി). അസ്‌ത പുണ്യയാത്ര എന്ന പേരിലുള്ള പ്രത്യേക ടൂറിസ്റ്റ് ട്രെയിൻ പാക്കേജി​ന്റ ഭാഗമായ റെയിൽവെയുടെ പുതിയ സംരംഭമായ സ്വദേശ് ദർശൻ ടൂറിസ്റ്റ് ട്രെയിനിന്റെ കേരളത്തിൽ നിന്നുള്ള ആദ്യ യാത്രയാണിത്.

തി​രുവനന്തപുരം കൊച്ചുവേളിയിൽനിന്നും ഡിസംബർ 10ന് പുറപ്പെടുന്ന പ്രത്യേക ടൂറിസ്റ്റ് ട്രെയിൻ ഡിസംബർ 20 ന് മടങ്ങിയെത്തും. ഒഡീഷ, ബീഹാർ, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്ന ഭാരതത്തിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളും പൈതൃക നിർമ്മിതികളും സന്ദർശിക്കും.

കൊണാർക്ക് സൂര്യ ക്ഷേത്രം, പുരി ജഗന്നാഥ ക്ഷേത്രം, മരണാനന്തര ശേഷക്രിയകൾക്ക് പ്രശസ്തമായ ഗയയിലെ വിഷ്ണുപാദ ക്ഷേത്രം, കാശി വിശ്വനാഥ ക്ഷേത്രവും മറ്റു അമ്പലങ്ങളും അയോദ്ധ്യയിലെ രാമക്ഷേത്രം, സരയു നദിയും ഗംഗ-യമുന-സരസ്വതിപുണ്യ നദികളുടെ സംഗമകേന്ദ്രമായ പ്രയാഗ്‌രാജിലെ (അലഹബാദ്) ത്രിവേണി സംഗമം തുടങ്ങി നിരവധി തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാം.

ബുക്കു ചെയ്യുന്നവർക്ക് കൊച്ചുവേളി, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ സ്റ്റേഷനുകളിൽനിന്നും ട്രെയിനിൽ പ്രവേശിക്കാവുന്നതാണ്. ടൂർ പാക്കേജ് നിരക്ക് 20500 രൂപ മുതൽ.

ബുക്ക് ചെയ്യുന്ന ക്ലാസി​നനുസരിച്ച് സ്ലീപ്പർ ക്ലാസ് അല്ലെങ്കിൽ തേർഡ് എ.സി ട്രെയിൻ യാത്ര, യാത്രകൾക്ക് വാഹനം, രാത്രി താമസങ്ങൾക്ക് യാത്രക്കാരുടെ ബഡ്ജറ്റിനനുസരിച്ച് ഹോട്ടലുകളിലോ ഹാളുകളിലോ താമസ സൗകര്യം, മൂന്നു നേരവും ഭക്ഷണം, ടൂർ എസ്‌കോർട്ട് സെക്യൂരിറ്റി എന്നിവരുടെ സേവനം, യാത്ര ഇൻഷുറൻസ് എന്നിവ യാത്രയിൽ ഉൾപ്പെടുന്നു.

Advertisement
Advertisement