ചാൻസലർ പദവി നിയമയുദ്ധത്തിലേക്ക്; ഓർഡിനൻസ് രാജ്ഭവനിൽ, ബിൽ നിയമസഭയിലേക്ക് 

Sunday 13 November 2022 12:42 AM IST

തിരുവനന്തപുരം:യൂണിവേഴ്സിറ്റികളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ പുറത്താക്കാനുള്ള മന്ത്രിസഭയുടെ ഓർഡിനൻസ് അനുമതിക്കായി ഇന്നലെ രാജ്ഭവനിലെത്തിയതോടെ സർക്കാരും ഗവർണറും തമ്മിലുള്ള ഏറ്റുമുട്ടൽ ഭരണഘടനയെ കൂട്ടുപിടിച്ചുള്ള പുതിയ ഏറ്റുമുട്ടലിലേക്ക് കടക്കുന്നു.

തനിക്കെതിരെയുള്ള ഓർഡിൻസിൽ ഒപ്പുവയ്ക്കില്ലെന്നും രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുമെന്നും ഗവർണർ നേരത്തേ വ്യക്തമാക്കിയിരുന്നു. ഓർഡിനൻസ് ഇന്നലെ രാജ് ഭവനിൽ എത്തുംമുമ്പുതന്നെ ഗവർണർ ഡൽഹിയിലേക്ക് യാത്രയായിരുന്നു. 20ന് മടങ്ങിയെത്തിയശേഷമേ തുടർ നടപടിക്ക് സാധ്യതയുള്ളൂ. എങ്കിലും, പരിശോധനയും നിയമോപദേശവും തേടിയുള്ള നടപടികളിലേക്ക് രാജ്ഭവൻ കടക്കും. രാഷ്ട്രപതിക്ക് അയച്ചു കഴിഞ്ഞാൽ തീരുമാനമാകുകയോ തിരിച്ചു വരുകയോ ചെയ്യാതെ സർക്കാരിന് നിയമസഭയിൽ ബിൽ കൊണ്ടുവരാൻ കഴിയില്ലെന്നാണ് ഗവർണറുടെ വാദം. ഓർഡിനൻസിന്റെ ഭാവി എന്തായാലും സഭയിൽ ബിൽ കൊണ്ടുവരാനാണ് സർക്കാരിന്റെ തീരുമാനം. അതിനുള്ള നിയമോപദേശം കിട്ടിയെന്ന് സർക്കാർ പറയുന്നു.

സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള ഒരുവിഷയത്തിലുള്ള ഓർഡിനൻസ് രാഷ്ട്രപതിയ്ക്ക് അയക്കുന്നതിൽ നിയമ പിൻബലമില്ലെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. ഇതോടെയാണ് ഭരണഘടനാവിഷയമായി സംഭവം മാറിയത്. ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കി പകരം അക്കാഡമിക് രംഗത്ത് മികവു തെളിയിച്ചവരെ നിയമിക്കാനാണ് സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നത്.

അനന്തരം

1. ബിൽ നിയമസഭ പാസാക്കിയാലും ഒപ്പിടാതെ ഗവർണർക്ക് പിടിച്ചുവയ്ക്കാം. നിലവിൽ നാല് ബില്ലുകൾ ഗവർണറുടെ മേശപ്പുറത്തുണ്ട്.

ഫലത്തിൽ ബില്ല് സഭ പാസാക്കിയാലും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ ഉടനടി പുറത്താക്കാനാകില്ല

2. ബില്ലുകൾ പിടിച്ചുവയ്ക്കുന്നത് ഗവർണർക്കെതിരെ ആയുധമാക്കി അനുകൂല വികാരം വളർത്താമെന്ന് ഭരണപക്ഷം കണക്കുകൂട്ടുന്നു. സഭ പാസാക്കിയ ബില്ലുകൾ ഗവർണർക്ക് എത്രകാലം പിടിച്ചുവെക്കാമെന്നതിൽ നിയമപോരാട്ടത്തിനാണ് തുടക്കമിടുന്നത്

ഗവർണർക്കെതിരെ 3 കുറ്റം

(ഓർഡിനൻസിലെ വാദം )

1.സർവകലാശാലകളുടെ കാര്യത്തിൽ ഗവർണർ ശരിയായ രീതിയിലുള്ള ഇടപെടൽ നടത്താത്തത് ഭരണപ്രതിസന്ധിയുണ്ടാക്കുന്നു

2. യൂണിവേഴ്സിറ്റികൾ അനുമതിക്കായി സമർപ്പിച്ച 26 ഫയലുകളും 46 ഭേദഗതി നിർദ്ദേശങ്ങളും ഗവർണർ പിടിച്ചുവച്ചിരിക്കുന്നു

3. വൈസ് ചാൻസലർമാരുടെ പ്രവർത്തനത്തിൽ തടസമുണ്ടാക്കുന്നു. (ഈ മൂന്ന് അടിയന്തരകാരണങ്ങളാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത് )

'ഓർഡിനൻസ് ഗവർണറുടെയോ രാഷ്ട്രപതിയുടെയോ പരിഗണനയിൽ ഇരിക്കുമ്പോൾ ബിൽ കൊണ്ടുവരാൻ തടസമില്ല'

-പി.രാജീവ്

നിയമ മന്ത്രി

'സർവകലാശാലാ ഓർഡിനൻസ് ആലോചിച്ചെടുത്ത തീരുമാനമാണ്. അതിൽ മാറ്റമില്ല.'

- എം.വി.ഗോവിന്ദൻ

സി.പി.എം സംസ്ഥാന സെക്രട്ടറി

'ഓർഡിനൻസിൽ ഗവർണർ ഒപ്പിടുന്നതല്ലേ മര്യാദ.ഓർഡിനൻസ് ആർക്കും എതിരാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ല.'

-ആർ.ബിന്ദു

ഉന്നതവിദ്യാഭ്യാസ മന്ത്രി

Advertisement
Advertisement