സി.പി.എം തി​രു. ജില്ലാ കമ്മിറ്റി ഇന്ന്: കത്തന്വേഷണം  നീട്ടിവച്ചു,​ ആനാവൂർ തത്ക്കാലം തുടരും

Sunday 13 November 2022 12:51 AM IST

തിരുവനന്തപുരം: കോർപ്പറേഷനിലെ താൽക്കാലിക നിയമനങ്ങൾക്ക് ജില്ലാ സെക്രട്ടറിയോട് പട്ടിക തേടി മേയറുടെ പേരിൽ പുറത്തുവന്ന കത്തിന്റെ പേരിലുള്ള വിവാദത്തിൽ സി.പി.എമ്മിന്റെ പാർട്ടിതല അന്വേഷണം ഉടനുണ്ടാവില്ല. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ അതിന്റെ പുരോഗതിയനുസരിച്ച് മതി തുടർനീക്കങ്ങളെന്നാണ് സി.പി.എം നിലപാട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ തീർപ്പായിക്കഴിഞ്ഞശേഷം വിവാദത്തിലേക്ക് നയിച്ച വിഭാഗീയതയെക്കുറിച്ചടക്കം അന്വേഷിച്ച് നടപടിയെടുക്കാനാണ് സി.പി.എം തീരുമാനം. കത്ത് ചോർത്തി മാദ്ധ്യമങ്ങൾക്കെത്തിച്ചത് പാർട്ടിയിലെ ചേരിപ്പോരിന്റെ ഭാഗമായാണെന്നാണ് പാർട്ടി നിഗമനം. ചിലർക്കെതിരെ അച്ചടക്കനടപടി പിന്നീടുണ്ടായേക്കാം.

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിദ്ധ്യത്തിൽ ഇന്ന് ചേരുന്ന സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിൽ കോർപ്പറേഷൻ വിവാദം സംബന്ധിച്ച് കാര്യമായ ചർച്ചയ്ക്ക് സാദ്ധ്യതയില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചത്. അജൻഡയിൽ വിഷയമുൾപ്പെടുത്തിയിട്ടില്ല. അതേസമയം, കോർപ്പറേഷനിൽ കോൺഗ്രസും ബി.ജെ.പിയും പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിൽ പ്രതിരോധം തീർക്കാനുള്ള നടപടികളിലേക്ക് പാർട്ടി കടക്കും. സമൂഹ മാദ്ധ്യമങ്ങളെ അടക്കം ഇതിനായി ഉപയോഗിക്കും.

ഇന്നത്തെ യോഗത്തിൽ പ്രധാനമായും കഴിഞ്ഞ സംസ്ഥാന കമ്മിറ്റി തീരുമാനങ്ങളുടെ റിപ്പോർട്ടിംഗാണ് നടക്കുക. സാംസ്കാരിക നയരേഖ, പാർട്ടി മുഖപത്രത്തെ ശക്തിപ്പെടുത്തൽ മുതലായവയാണ് അജൻഡയിൽ. 15ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ ഒരുക്കങ്ങളും ചർച്ചയാവും.

 പുതിയ സെക്രട്ടറി ഉടനില്ല?

പുതിയ ജില്ലാ സെക്രട്ടറിയെ ഉടനെ തിരഞ്ഞെടുക്കാനും സാദ്ധ്യതയില്ല. ഇപ്പോൾ ആനാവൂർ നാഗപ്പനെ മാറ്റിയാൽ കത്ത് വിവാദത്തിന്റെ പേരിലാണെന്ന വ്യാഖ്യാനമുണ്ടാകും. ജനുവരിയിൽ തിരുവനന്തപുരത്ത് മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ സമ്മേളനം നടക്കുകയാണ്. അതിനുശേഷമേ പുതിയ ജില്ലാ സെക്രട്ടറിയെ നിശ്ചയിക്കൂ എന്നാണ് സൂചന. വർക്കല എം.എൽ.എ വി. ജോയിയുടെ പേരിനാണ് മുൻതൂക്കം. മുതിർന്ന നേതാവ് എം. വിജയകുമാറിനെ കൊണ്ടുവരണമെന്നും അഭിപ്രായമുണ്ട്. കെ.എസ്. സുനിൽകുമാറിന്റെ പേരും ചർച്ചയിലുണ്ട്.

Advertisement
Advertisement