കരമനയിലെ മർദ്ദനം എ.എസ്.ഐയ്‌ക്ക് സസ്പെൻഷൻ

Sunday 13 November 2022 12:53 AM IST

എസ്.ഐയ്‌ക്കെതിരെ അന്വേഷണം

തിരുവനന്തപുരം: ഹോൺ മുഴക്കിയെന്നാരോപിച്ച് നടുറോഡിൽ സർക്കാർ ഉദ്യോഗസ്ഥനെ സഹോദരന്മാരായ ബൈക്ക് യാത്രക്കാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കേസെടുക്കുന്നതിൽ വീഴ്ച വരുത്തിയ കരമന സ്റ്റേഷനിലെ എ.എസ്‌.ഐയെ സസ്‌പെൻഡ് ചെയ്തു. എസ്.ഐക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ശുപാർശ ചെയ്തും സിറ്റി പൊലീസ് കമ്മിഷണർ ഉത്തരവിറക്കി. ഗ്രേഡ് എ.എസ്.ഐ മനോജിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. എസ്.ഐ സന്ധുവിനെതിരെയാണ് അന്വേഷണം. സ്‌പെഷ്യൽ ബ്രാഞ്ചിന്റെയും ഫോർട്ട് അസി. കമ്മിഷണറുടെയും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നെയ്യാറ്റിൻകര സ്വദേശിയും കൃഷിവകുപ്പിലെ ജീവനക്കാരനുമായ പ്രദീപിനെ അഷ്‌കർ, അനീഷ് എന്നിവർ ചേർന്ന് ചൊവ്വാഴ്ചയാണ് മർദ്ദിച്ചത്.

സമയബന്ധിതമായി കേസെടുക്കാനും തുടർ നടപടികൾ സ്വീകരിക്കാനും പൊലീസിന് സാധിച്ചില്ലെന്ന് കമ്മിഷണറുടെ ഉത്തരവിലുണ്ട്. കരമന പൊലീസിന്റെ പ്രവൃത്തി മൂലം പൊതുജനമദ്ധ്യത്തിൽ പൊലീസ് നാണം കെടുന്ന അവസ്ഥയുണ്ടായെന്നും മാദ്ധ്യമങ്ങളിലൂടെ പൊലീസിന് വിമർശനമേൽക്കേണ്ടി വന്നെന്നും പറയുന്നു.

Advertisement
Advertisement